ഇടമലക്കുടിയില്‍ ചികിത്സ കിട്ടാതെ 15 ഗര്‍ഭിണികള്‍; ആരോഗ്യവകുപ്പിന്‍െറ ബോധവത്കരണ പദ്ധതികള്‍ ഫലപ്രദമാകുന്നില്ല


മൂന്നാര്‍: മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ കടുത്ത പ്രയാസം സഹിച്ച് ഇടമലക്കുടിയിലെ 28 കുടിലുകളിലായി 15 ഗര്‍ഭിണികള്‍ കഴിയുന്നുണ്ടെന്ന് കണ്ടത്തെല്‍. ആവശ്യമായ പരിചരണവും ചികിത്സയും കിട്ടാതെ കഴിഞ്ഞ ദിവസം ഇടമലക്കുടിയില്‍ നവജാത ശിശു മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ വിവരശേഖരണത്തിലാണ് ഈ കണ്ടത്തെല്‍. 

ഇടമലക്കുടിയില്‍ സ്റ്റാഫ് നഴ്സായി പ്രവര്‍ത്തിക്കുന്ന നജീബ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. ആദിവാസികളുടെ പരമ്പരാഗത ആചാരപ്രകാരം ഗര്‍ഭിണികളെ വാലാപ്പുരയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍, പ്രസവത്തിന് ആധുനിക ചികിത്സയുടെ ആവശ്യകത ആദിവാസികള്‍ക്ക് ബോധ്യപ്പെട്ടുവരുന്നുണ്ട്. ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ബോധവത്കരണവും ശുശ്രൂഷകളും നടത്താന്‍ പദ്ധതികള്‍ ഏറെയുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ളെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. 

 ഇതിനിടെ, വാലാപ്പുരയില്‍ അവശനിലയില്‍ കഴിഞ്ഞുവന്ന യുവതി തിങ്കളാഴ്ച പ്രസവിച്ചു. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് ഗോവിന്ദരാജിന്‍െറ മകള്‍ പവിത്രയാണ് (21) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പവിത്രയെ തിങ്കളാഴ്ച ഉച്ചയോടെ വനം, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തമിഴ്നാടിനോട് ചേര്‍ന്ന വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരിപ്പുകല്ല് കുടിയില്‍നിന്ന് മൂന്നുമണിക്കൂര്‍ കാനനപാതയിലൂടെ ചുമന്ന് മുളകുതറ വഴി വാല്‍പ്പാറ എസ്റ്റേറ്റിലെ നല്ലമുടി എസ്റ്റേറ്റില്‍ എത്തിച്ചശേഷം കാറിലാണ് ആശുപത്രിയില്‍ എത്തച്ചത്. 

മാസംതോറും ഉദ്യോഗസ്ഥര്‍ കൃത്യമായി എത്തിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാമെങ്കിലും ബന്ധപ്പെട്ടവരുടെ വീഴ്ചയാണ് പലപ്പോഴും ആദിവാസികള്‍ക്ക് വിനയാകുന്നത്. ഇടമലക്കുടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും ലഭ്യമാക്കാനും നടപടി സ്വീകരിക്കുന്നതിന്‍െറ ഭാഗമായി മാസങ്ങള്‍ക്കുമുമ്പ് സംഘടിപ്പിച്ച അദാലത്തില്‍ മാസത്തില്‍ 10 ദിവസം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഇടമലക്കുടിയിലത്തെണമെന്ന് തീരുമാനമുണ്ടായെങ്കിലും നടപ്പായിട്ടില്ല.


ഡോക്ടര്‍മാരുടെ അനാസ്ഥ -മനുഷ്യാവകാശ കമീഷന്‍ 
തൊടുപുഴ: ഇടമലക്കുടിയില്‍ ആദിവാസി യുവതിയുടെ നവജാത ശിശു മതിയായ പരിചരണം ലഭിക്കാതെ മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍െറ പ്രാഥമിക നിരീക്ഷണം.ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അവധിയെടുത്തത് അനാസ്ഥയാണെന്നും കമീഷന്‍ നിരീക്ഷിച്ചു. ഇടുക്കിപോലൊരു സ്ഥലത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ആരോഗ്യത്തിന് മേല്‍നോട്ടം വഹിക്കേണ്ടത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്നും കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് നടപടിക്കിടെ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയും ജില്ല മെഡിക്കല്‍ ഓഫിസറും മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം. പരാതി തൊടുപുഴയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. ഇടമലക്കുടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കന്നിയമ്മ ശ്രീരംഗന്‍െറ മകള്‍ വൈദേഹിയുടെ ആണ്‍കുഞ്ഞാണ് അടിമാലിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്.

Tags:    
News Summary - idamalakkudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.