തിരുവനന്തപുരം: ഓട്ടോമാറ്റിക് കാറിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാൽ ഇനി ഓട്ടോമാറ്റിക് വാഹനങ്ങളേ ഓടിക്കാനാകൂ. മുമ്പ് ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങൾ അനുവദിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ മാർച്ച് മുതൽ ഇളവ് നൽകി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ടെസ്റ്റ് പാസായാൽ ഗിയർ എന്നോ ഓട്ടോമാറ്റിക് എന്നോ വ്യത്യാസമില്ലാതെ പൊതുവായ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എൽ.എം.വി) ലൈസൻസാണ് നൽകിയിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ ഈ ഇളവ് ഒഴിവാക്കിയാണ് പുതിയ നിർദേശം.
ഇരുചക്രവാഹന മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്സുകളാണുണ്ടാവുക. ടെസ്റ്റും വെവ്വേറെയായിരിക്കും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ഓട്ടോമാറ്റിക് വാഹന ലൈസന്‍സുള്ളവര്‍ക്ക് ഗിയര്‍ വാഹനങ്ങള്‍ ഓടിക്കാനാവില്ല. ഇനി ഇവ ഓടിക്കണമെങ്കിൽ ഗിയര്‍ വാഹനങ്ങളില്‍ വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും. ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം.
ഡ്രൈവിങ് ലൈസന്‍സ് സംവിധാനം ഓൺലൈൻ പ്ലാറ്റ്ഫോമായ സാരഥിയിലേക്ക് മാറിയതോടെ വിവിധ സംസ്ഥാനങ്ങളിലെ ലൈസന്‍സ് വിഭാഗങ്ങളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഏകീകരിച്ചിരുന്നു. കേരളത്തിലെ ഓട്ടോ, മീഡിയം, ഹെവി, ഗുഡ്സ് വിഭാഗം ലൈസന്‍സുകള്‍ ഇല്ലാതായി. പകരം ഏര്‍പ്പെടുത്തിയ എല്‍.എം.വി ലൈസന്‍സില്‍ ഓട്ടോ മുതല്‍ മിനി വാനുകള്‍വരെ ഓടിക്കാനാകും. ഫലത്തിൽ ഒാട്ടോമാറ്റിക് വാഹനങ്ങളിൽ ടെസ്റ്റ് പാസായവർക്ക് ഗിയറുള്ള മിനി വാഹനങ്ങൾ വരെ ഓടിക്കാൻ അനുമതി കൈവന്നു. ഈ പോരായ്മ ചൂണ്ടിക്കാട്ടിയാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്.
വിദേശത്തുനിന്ന് ഓട്ടോമാറ്റിക് ലൈസന്‍സുമായി വരുന്നവര്‍ക്ക് പകരം തുല്യതയുള്ള ഓട്ടോമാറ്റിക് ഡ്രൈവിങ് ലൈസന്‍സ് നല്കാന് പുതിയ സംവിധാനത്തില്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.