തിരുവനന്തപുരം: സ്കൂൾ വിദ്യാർഥി പ്രവേശനത്തിലെ കൃത്രിമം തടയാൻ ലക്ഷ്യമിട്ടും അധിക തസ്തിക സൃഷ്ടിക്കാൻ സർക്കാറിന്‍റെ മുൻകൂർ അനുമതി നിർബന്ധമാക്കിയും കൊണ്ടുവന്ന കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി (കെ.ഇ.ആർ) പ്രാബല്യത്തിലായതോടെ ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ് അപ്രസക്തമാകും. എല്ലാ വർഷവും തസ്തിക നിർണയത്തിന് ആധാരമായി സ്കൂൾ തുറന്ന് ആറാം പ്രവൃത്തിദിനത്തിൽ രേഖയിലുള്ള കുട്ടികളുടെ എണ്ണം 'സമ്പൂർണ' സോഫ്റ്റ്വെയർ വഴി ശേഖരിക്കുന്ന രീതി തുടരും.
എന്നാൽ അതിന് ശേഷവും കുട്ടികളുടെ എണ്ണം സംബന്ധിച്ച് എപ്പോൾ വേണമെങ്കിലും സൂപ്പർ ചെക് ഓഫിസർ, അല്ലെങ്കിൽ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പരിശോധന നടത്താൻ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഇതുവഴി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ അധ്യാപക തസ്തിക നിർണയത്തിൽ മാറ്റത്തിന് വഴിവെക്കും.
ഓരോ അധ്യയനവർഷവും ജനുവരി 31 വരെ കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പ്രഥമാധ്യാപകൻ വിദ്യാഭ്യാസ ഓഫിസർക്ക് റിപ്പോർട്ട് ചെയ്യണമെന്ന ഭേദഗതിയാണ് കൃത്രിമം കാണിക്കുന്ന സ്കൂൾ മാനേജ്മെൻറുകൾക്ക് കുരുക്കായി മാറുന്നത്. റിപ്പോർട്ട് ചെയ്യുന്നതിനനുസൃതമായി വിദ്യാഭ്യാസ ഓഫിസർ നടത്തുന്ന പരിശോധനയിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയാൽ തസ്തിക/ ഡിവിഷൻ കുറവ് വരുത്തുകയും തസ്തിക നിർണയം പുതുക്കുകയും ചെയ്യും. നേരേത്ത ഇതെല്ലാം ആറാം പ്രവൃത്തിദിനത്തിലെ കണക്കിന് അനുസൃതമായാണ് പൂർത്തിയാക്കിയിരുന്നത്. കുട്ടികളുടെ കുറവ് പ്രഥമാധ്യാപകന് റിപ്പോർട്ട് ചെയ്യേണ്ടത് ക്ലാസ് അധ്യാപകന്‍റെ ചുമതലയായും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മാത്രമല്ല, നേരേത്ത ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്കൂളുകളിൽ അധിക തസ്തിക/ ഡിവിഷൻ സൃഷ്ടിച്ചിരുന്നത്. ഇതിന് സർക്കാറിന്‍റെ മുൻകൂർ അനുമതി നിർബന്ധമാക്കിയപ്പോൾ ആധാരമാക്കുന്ന കണക്ക് ആറാം പ്രവൃത്തി ദിവസത്തേതല്ല. പകരം വിദ്യാഭ്യാസ ഓഫിസറും പിന്നീട് സൂപ്പർ ചെക് ഓഫിസറോ സർക്കാർ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനോ സ്കൂളിൽ എത്തി നടത്തുന്ന പരിശോധനയിൽ വ്യക്തമാകുന്ന കുട്ടികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയായിരിക്കും.
സമ്പൂർണ സോഫ്റ്റ്വെയർ വഴി യു.ഐ.ഡി അധിഷ്ഠിതമായി കുട്ടികളുടെ എണ്ണം ശേഖരിക്കുന്ന രീതി നിലവിൽ വരുന്നതിന് മുമ്പ് വിദ്യാഭ്യാസ ഓഫിസർമാർ ആറാം പ്രവൃത്തി ദിവസത്തിൽ സ്കൂളിൽ നേരിട്ടെത്തി നടത്തുന്ന 'തലയെണ്ണൽ' രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾക്ക് പിന്നീട് ആ അധ്യയന വർഷം ഭീഷണി ഉയരാറുണ്ടായിരുന്നില്ല. എന്നാൽ ആറാം പ്രവൃത്തിദിനം കഴിയുന്നതോടെ നിരവധി സ്കൂളുകൾ കുട്ടികൾക്ക് വ്യാപകമായി വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) അനുവദിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽപെട്ടിരുന്നു. തസ്തിക സൃഷ്ടിക്കൽ നടപടി പൂർത്തിയായ ശേഷം കുട്ടികൾക്ക് ടി.സി നൽകുന്നത് പ്രവേശനത്തിലെ കൃത്രിമമാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.