തൃശൂർ: ചലാനുകളിൽ ഫൈൻ അടക്കേണ്ടതുക പൂജ്യം (Rs-0) എന്ന് കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അത്തരം ചലാനുകൾ ചെറിയ ഫൈനുകൾ അടച്ച് തീർപ്പാക്കാൻ കഴിയുന്നവയല്ല. അത്തരം നിയമലംഘനങ്ങൾ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു. കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളിൽ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു.
മോട്ടോർ വാഹനവകുപ്പ് ഔദ്യോഗിക പേജിലൂടെയാണ് മുന്നറിയിപ്പ് നൽകുന്നത്. പ്രധാനമായും ട്രാഫിക് സിഗ്നലുകൾ ഉള്ള ജങ്ഷനുകളിൽ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്നൽ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകൾ) കടന്ന് കാൽനടയാത്രികർക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളിൽ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്നലുകളിലെ ഇത്തരം നിയമലംഘനങ്ങൾ ‘ഇ ചലാൻ’ചെയ്യപ്പെടുന്നതാണ്. അത്തരം ‘ഇ ചലാൻ’ലഭിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി ആർ.ടി.ഒ എൻഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കിൽ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യുകയാണ് വേണ്ടത്.
അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ, ലൈൻ ട്രാഫിക് പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയിൽ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്താലും ഈ ശിക്ഷ വിധികൾ തന്നെയായിരിക്കും.
അതിനാൽ ഫൈൻ തുകയില്ലാത്ത ചലാനുകൾ തീർപ്പുകൽപ്പിക്കുക അത്ര ഫൈൻ ആയ കാര്യമല്ല എന്നോർക്കണമെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ ജാഗ്രതാ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.