കൊച്ചി: അധികൃതവും അനധികൃതവുമായി ഇസ്രായേലിലേക്ക് മനുഷ്യക്കടത്ത് വ്യാപകം. സന്ദർശക വിസയിലും തീർഥാടക വിസയിലുമൊക്കെ ഇസ്രായേലിൽ എത്തുന്ന പലരും മടങ്ങിവരാറില്ല. കാര്യമായ പരിശോധനയില്ലാതെ പ്രായമായവരെ പരിചരിച്ചും ശുചീകരണ തൊഴിലാളിയായും ജോലി ചെയ്ത് അഞ്ചുവർഷമെങ്കിലും അവിടെ കഴിഞ്ഞുകൂടാമെന്നതും ആകർഷകമായ വേതനം ലഭിക്കും എന്നതുമാണ് മലയാളികളെ ആകർഷിക്കുന്നത്. ലഭിക്കുന്ന ഹോം കെയർ ജോലിയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ വേറെ വീടുകളിലേക്ക് മാറുന്നതിന് തടസ്സമില്ല. ഈ ജോലിക്ക് പ്രതിമാസം കുറഞ്ഞത് രണ്ടുലക്ഷം രൂപ വേതനം ലഭ്യമാകുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേൽ സർക്കാർ അറിഞ്ഞുള്ള ഈ മനുഷ്യക്കടത്തിന് നിരവധി റിക്രൂട്ടിങ് ഏജൻസികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇസ്രായേലി ഭാഷ പഠിക്കണമെന്നതാണ് പ്രധാന കടമ്പ. അതിന് മുംബൈ കേന്ദ്രീകരിച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ ധാരാളമുണ്ട്. 10-12 ലക്ഷം രൂപ മുടക്കിയാൽ ഇസ്രായേലിലേക്ക് തൊഴിൽവിസ നേരായ മാർഗത്തിൽ ലഭിക്കും. അനധികൃത മാർഗത്തിലായാൽ വളരെ കുറഞ്ഞ ചെലവേ വരൂ. ഇസ്രായേലിൽ എത്തിയാൽ മുങ്ങാനും ജോലി ലഭിക്കാനും എളുപ്പമാണെന്ന് റിക്രൂട്ടിങ് ഏജൻസികൾ പറയുന്നു. തീർഥാടക ടൂറിസത്തിന്റെ മറവിലാണ് ഇത്തരം മുങ്ങൽ ഏറെയും നടക്കുന്നത്. മുസ്ലിംകൾ അല്ലാത്തവരുടെ കാര്യത്തിൽ പരിശോധന കാര്യമായില്ല. സംസ്ഥാന കൃഷി വകുപ്പ് സംഘത്തിനൊപ്പം പോയയാൾ ഇസ്രാലേലിലെത്തി മുങ്ങിയതാണ് അവസാന സംഭവം. കഴിഞ്ഞ നവംബറിൽ കേരളത്തിൽനിന്ന് തീർഥാടക വിസയിൽ പോയ 48 അംഗ സംഘത്തിലെ 16 പേർ മുങ്ങി. ഇക്കാര്യം കേരളത്തിലെയും ഇസ്രായേലിലെയും പൊലീസിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. പാസ്പോർട്ട് വാങ്ങിവെച്ചാൽ പോലും അതിന്റെ പകർപ്പുമായി എംബസിയിൽ ചെന്നാൽ പുതിയ പാസ്പോർട്ട് ലഭിക്കും. പിടിക്കപ്പെട്ടാൽ തിരികെ കയറ്റി വിടുമെന്നല്ലാതെ മറ്റ് ശിക്ഷ ഇല്ല.
ഇസ്രായേലിലേക്ക് സന്ദർശകവിസയും തുടർന്ന് അവിടെ ജോലിയും വാഗ്ദാനം നൽകി പത്രപരസ്യം നൽകി പണം തട്ടുന്ന സംഘങ്ങളും വ്യാപകമാണ്. അടൂരിൽ നേച്വർ ഓഫ് പാരഡൈസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുന്ന അടൂർ പാറക്കൂട്ടം പെരിങ്ങനാട് അമ്പനാട്ടു വീട്ടിൽ സൈമൺ കഴിഞ്ഞമാസം പിടിയിലായി. വരന്തരപ്പിള്ളിയിൽ അഞ്ചുപേരിൽനിന്ന് 15.50 ലക്ഷം തട്ടിയെടുത്തതിനാണ് ഇയാളെ പിടികൂടിയത്. എറണാകുളം കടവന്ത്രയിൽ ടോവ് ഹോളിഡേയ്സ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിയ തിരുവല്ല മാഞ്ഞാലി സ്വദേശി ജോയൽ ജയിംസ് തോമസ് എറണാകുളം പൊലീസിന്റെ പിടിയിലായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. നാലുപേരിൽനിന്ന് 11 ലക്ഷം രൂപയാണ് ഇയാൾ ഇസ്രായേൽ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്.
തിരുവനന്തപുരം: ഇസ്രായേലിലേക്ക് തീർഥയാത്ര പോയി കാണാതായ ആറുപേരിൽ 69 കാരികളും! യാത്രക്ക് നേതൃത്വം നൽകിയ പുരോഹിതനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിനുപിന്നിൽ വൻ സംഘമെന്നാണ് സംശയിക്കുന്നതെന്ന് തീർഥയാത്രക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയതെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാസ്പോർട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറുപേരും പോയത്. ഫെബ്രുവരി എട്ടിന് കേരളത്തിൽനിന്ന് തിരിച്ച 26 അംഗ സംഘത്തിലുൾപ്പെട്ട ഷൈനി രാജു, രാജു തോമസ്, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രായേലിൽവെച്ച് അപ്രത്യക്ഷരായെന്നാണ് പരാതി. ഫെബ്രുവരി 11ന് ഇസ്രായേലിലെത്തിയപ്പോഴാണ് ഇവരെ കാണാതായത്. സംഘത്തിൽനിന്ന് മുങ്ങിയവരുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെ ഫാ. ജോർജ് ജോഷ്വ പരാതി നൽകി.
‘ഞാൻ 2006 മുതൽ വിശുദ്ധനാട് സന്ദർശനത്തിന് നേതൃത്വം നൽകുന്നു. പൂർണമായും ആത്മീയ തലത്തിൽ നടത്തുന്നൊരു യാത്രയാണിത്. ഇത്ര കാലത്തിനിടെ, ഇങ്ങനെയൊരു സംഭവം ആദ്യമാണ്. കോവിഡിനു ശേഷമുണ്ടായൊരു രീതിയാണിതെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം സർക്കാർ സംഘത്തിൽനിന്ന് ഒരാൾ പോയില്ലേ. അത് സർക്കാറിന്റെ കുഴപ്പമല്ല. ‘കൊണ്ടുപോകുന്ന ആളുകളെ നാം എത്ര തന്നെ നിരീക്ഷിച്ചാലും കാര്യമില്ല. നമ്മളെ വിശ്വസിപ്പിക്കുന്ന രീതിയിലാണ് അവർ പെരുമാറുക.
ആറുപേരെ കാണാതായ അന്നുതന്നെ അവിടത്തെ ഇമിഗ്രേഷൻ പൊലീസിനെ ഇ-മെയിലിൽ വിവരമറിയിച്ചിരുന്നു. മറുപടി ലഭിക്കാത്തതുകൊണ്ട് ലോക്കൽ പൊലീസിനെയും അറിയിച്ചു. അവർ അപ്പോൾ തന്നെ വന്ന് കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കി. യാത്ര കഴിഞ്ഞ് 19ന് വൈകീട്ടാണ് തിരിച്ചെത്തിയത്. 21ന് തന്നെ ഡി.ജി.പിക്ക് പരാതി നൽകി.
കാണാനില്ലെന്ന ധാരണയിലാണ് പരാതി നൽകിയത്. പക്ഷേ, മനഃപൂർവം പോയതാണെന്ന് ഇപ്പോൾ ഉറപ്പായി. ഇത്തരം യാത്രകൾക്ക് വിസ പോലുമില്ല. സർക്കാർ അയച്ച സംഘത്തിലുള്ളവർക്ക് കിട്ടിയത് വിസയാണ്. ഇവിടെ അതുമില്ല. ഏതാനും ദിവസത്തേക്ക് അവിടെ പോയി വരാനുള്ള പെർമിറ്റ് മാത്രമാണ് കിട്ടുന്നത്. അവർ എങ്ങനെ അവിടെ പിടിച്ചുനിൽക്കുമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും വൈദികൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.