തൊടുപുഴ: ജില്ലയിൽ പലയിടങ്ങളിലും മനുഷ്യ ജീവന് വെല്ലുവിളി ഉയർത്തി ജനവാസ മേഖലകളിൽ കാട്ടാനകൾ വിലസുന്നു. തമിഴ്നാട് സ്വദേശിയായ പാൽരാജ് ആനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദേവികുളം റേഞ്ചിന് കീഴില്‍ മാത്രം 46 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അധികൃതരുടെ കണ്ണു തുറക്കണമെങ്കില്‍ ഇനി എത്ര ജീവന് കൂടി പൊലിയണമെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. അരിക്കൊമ്പൻ ദൗത്യത്തിന് ശേഷം കാട്ടാനകളുടെ ശല്യം വീണ്ടും വ്യാപകമാകുകയാണ്. പല പ്രദേശങ്ങളിലും പതിവു പേടിസ്വപ്നങ്ങളായ കാട്ടാനകളെ വരുതിയിലാക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. മൂന്നാറില്‍ പടയപ്പ, ആനയിറങ്കലില്‍ ചക്കക്കൊമ്പന് തുടങ്ങിയ ഒറ്റയാന്മാരെല്ലാം സ്ഥിരം ശല്യക്കാരാണ്. ഇത്തരം പ്രശ്നക്കാരായ കാട്ടാനകളെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ മിക്ക പ്രദേശവും കാട്ടാന ഭീതിയിലാണ്. ആനയെ ഭയന്നും വീടുപേക്ഷിച്ചും ഗ്രാമം ഉപേക്ഷിച്ചും പലരും മടങ്ങി. അതേ സമയം, കാട്ടാനകളുടെ സ്വൈര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകളും ചിന്നക്കനാൽ പോലുള്ള സ്ഥലങ്ങളിലുണ്ട്. സ്വകാര്യ വ്യക്തികൾ അവരുടെ അതിർത്തികളിലെല്ലാം സ്വന്തം രീതികളിൽ ഫെൻസിങ്ങുകൾ സ്ഥാപിച്ചത് ആനകളുടെ സഞ്ചാര പാതകളെ ഇല്ലാതാക്കിയതായി ചൂണ്ടിക്കാട്ടുന്നു. ആനകളുടെ ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം 24 മണിക്കൂറും നിരീക്ഷണത്തിനുണ്ടെന്ന് വനം വകുപ്പധികൃതർ പറഞ്ഞു. ആനകളുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരുന്നതായി മൂന്നാർ ഡി.എഫ്.ഒ രമേശ് കൃഷ്ണ പറഞ്ഞു. ജനവാസ മേഖലയിൽ ആനയോ മറ്റ് വന്യമൃഗങ്ങളോ എത്തിയതായി അറിഞ്ഞാൽ പ്രദേശവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് വാട്സ് അപ് വഴി മെസേജുകൾ അയക്കുന്നുണ്ട് . എസ്.എം.എസ് മുഖാന്തിരം മുൻകൂട്ടി അറിയിപ്പ് നൽകി അപകടം കുറക്കുന്നതിനുള്ള സംവിധാനവുംപ്രവർത്തിക്കുന്നുണ്ടെന്ന് ഡി.എഫ്.ഒ പറഞ്ഞു.
പീരുമേട്: പീരുമേട് മേഖലയിലെ കാട്ടാന ശല്യം ഒഴിവാക്കാൻ വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. പ്ലാക്കത്തടം ഗിരിവർഗ്ഗ കോളനിയുടെ പെരിയാർ കടുവാ സങ്കേത വനാതിർത്തി മുതൽ വളഞ്ചാങ്കാനം വരെ സ്ഥാപിക്കണമെന്നാണ് ആവശ്യം. കോളനിയുടെ പടിഞാറ് വശം പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ പുറക്കയം ഗ്രാമവും കിഴക്ക് വശം പീരുമേട് ഗ്രാമപഞ്ചായത്തിലെ പ്ലാക്കത്തടം ഗിരിവർഗ്ഗ കോളനിയും കച്ചേരിക്കുന്ന് മേഖലയുമാണ്.
കോളനിയിലെ ചെണ്ടുവയൽ മേഖലയിലൂടെയും വളഞ്ചാങ്കാനം മലനിരകളിൽ കരണ്ടകപ്പാറയിലെ പൊലീസ് അഞ്ചാം ബറ്റാലിയന്റെ വിജനമായ സ്ഥലത്തു കൂടിയുമാണ് പീരുമേട് മേഖലയിൽ ആനക്കൂട്ടം എത്തുന്നത്. പ്ലാക്കത്തടം, തോട്ടാപ്പുര-കച്ചേരിക്കുന്ന് - കരണ്ടകപ്പാറ- സർക്കാർ അഥിതി മന്ദിരം - സബ്ട്രഷറി ഓഫിസ് പരിസരം - അഴുത ഗവ: എൽ.പി.സ്കൂൾ പരിസരം എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി ആനശല്യം രൂക്ഷമാണ്. പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ പുറക്കയത്തും കാട്ടാനയുടേയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. പെരുവന്താനം ഗ്രാമ പഞ്ചായത്ത് പുറക്കയം - മുതൽ വളഞ്ചാൽ വരെയുള്ള 6.2 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന് വേണ്ടി 50 ലക്ഷം രൂപയും കൃഷി വകുപ്പ് അനുവദിച്ചു . ഇതേ രീതിയിൽ പുറക്കയത്തിന്റെ അതിർത്തിയായ പ്ലാക്കത്തടം ചെണ്ടുവയൽ - കച്ചേരിക്കുന്ന്- കരണ്ടകപ്പാറ പൊലീസ് ക്യാമ്പ് അതിർത്തി എന്നിവിടങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിച്ചാൽ ആന ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ കടക്കുന്നത് തടയാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.
അടിമാലി: തമിഴ്നാട്ടിൽ നിന്ന് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോയമ്പത്തൂർ ആലംതുറൈ എം . ആർ. പുരം സ്വദേശി പാൽ രാജിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവം മൂന്നാർ തെൻമല ലോവർ ഡിവിഷനെ നടുക്കി.
ബുധനാഴ്ച നടക്കുന്ന വിവാഹത്തിൽ സംബന്ധിക്കാനാണ് പാൽ രാജ് ചൊവ്വാഴ്ച എത്തിയത്. അമ്പലത്തിന് സമീപത്തെ കാന്റീനിൽ അത്താഴ വിരുന്നിന് ശേഷം അഞ്ച് പേർ ചേർന്ന് താമസ സ്ഥലത്തെക്ക് പോകവെ ഒറ്റക്കൊമ്പന്റെ മുൻപിൽ അകപ്പെടുകയായിരുന്നു. ആനയെ കണ്ട് മറ്റുള്ളവർ ഓടി രക്ഷപെട്ടപ്പോൾ പ്രായകൂടുതലും സ്ഥല പരിചയ കുറവും പാൽ രാജിന് വിനയായി.
ആക്രമണത്തിൽ തൽക്ഷണം തന്നെ മരിച്ചു. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. രണ്ട് ആഴ്ച മുൻപ് ചിന്നക്കനാലിൽ തൊഴിലാളി സ്ത്രീയെ കാട്ടാന കൊന്നിരുന്നു. സംഭത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂന്നാറിൽ റോഡ് ഉപരോധിച്ചു.
തൊടുപുഴ: അപകടകാരികളായ വന്യ മൃഗങ്ങൾ ജനവാസ മേഖലകളിൽ കയറുന്നത് തടയുന്നതിനായി ഫെൻസിങ്ങ്, ട്രഞ്ചിങ്ങടക്കമുള്ളവയുടെ നിർമാണവുമായി വനം വകുപ്പ് .
ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി സോളാർ ഫെൻസിങ്ങിന് ഒരു കോടി 42 ലക്ഷം ടെൻഡർ നടപടികൾ ആയിട്ടുണ്ട്. അടിമാലി റേഞ്ചിന് കുഴിൽ കൊടകല്ല് ട്രൈബൽ സെറ്റിൽ മെന്റ് (രണ്ട് കിലോമീറ്റർ) കൊരങ്ങാട്ടി ട്രൈബൽ സെറ്റിൽമെന്റ് (ഒരു കിലോമീറ്റർ) മുത്തശേരി ട്രൈബൽ സെറ്റിൽമെന്റ് (1.5) ഞവൽ പാറ(1.5) തട്ടേക്കാനം (1.5) തുമ്പിപ്പാറ(1.5) പ്ലാമല (1.5) കുഞ്ഞിപ്പെട്ടിപ്പാറ (രണ്ട്) മൈനാപാറ (1.5) കുറത്തിക്കുടി (മൂന്ന്) കാട്ടുകുടി (ഒന്ന്) എന്നീ ട്രൈബൽ സെറ്റിൽമെന്റുകളിലുമാണ് ഫെൻസിങ്ങുകൾവരുന്നത്. നേര്യമംഗലം റേഞ്ചിൽ പരിശക്കല്ല്- പഴമ്പിള്ളിച്ചാൽ - നാല് കിലോമീറ്റർ, ഇഞ്ചപ്പതാൽ, കമ്പിലൈൻ (രണ്ട്) പെട്ടിമുടി (ഒന്ന്) എന്നിങ്ങനെയും ഫെൻസിങ്ങുകൾവരും.
ഇതു കൂടായെ എലിഫന്റ് പ്രൊജ്കട് പദ്ധതിയുടെ ഭാഗമായി കോഴിപ്പനക്കുടി, ബിയൽറാം, എൺപതേക്കർ കോളനി, സിങ്കുകണ്ടം, ചെമ്പകത്തൊഴുകുടി, പന്തടിക്കലം എന്നിവിടങ്ങളിൽ സോളാർ തൂക്കുവേലിയും സ്ഥാപിക്കും. ഇതിനായി ഒരു കോടി 46 ലക്ഷം രൂപയാണ് ചിലവഴിക്കുക. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ സാധാരണ സൗരോർജ വേലികൾ തകർത്തു കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത് പതിവായതോടെയാണ് വനംവകുപ്പ് ആനകൾക്ക് എളുപ്പത്തിൽ തകർക്കാനാവാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെയുള്ള സോളാർ തൂക്കുവേലി സ്ഥാപിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.