ഒരേ സംഭവത്തിൽ​ രണ്ട് കേസ് നിയമവിരുദ്ധമെന്ന്​;ശിവശങ്കർ ഹൈകോടതിയിൽ

കൊച്ചി: ഒരേ ആരോപണത്തിലാണ്​​​ തനിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്​ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈകോടതിയിൽ. ഒരേ സംഭവത്തിന്​ രണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) അറസ്റ്റ്​ ചെയ്ത ശിവശങ്കർ നൽകിയ ജാമ്യഹരജിയിലെ വാദത്തിനിടെയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. അതേസമയം, ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റർ ജനറലിന്​ ഹാജരാകാൻ കേന്ദ്ര സർക്കാറിന്‍റെ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന്​ ഹരജി 27ന്​ വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എ.ബദറുദ്ദീൻ മാറ്റി.

വളരെ ദുർബല ആരോപണങ്ങളാണ്​ കേസിനാസ്പദമെന്ന്​ ഹരജിക്കാരനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. സമാന കേസിൽ 96 ദിവസം കസ്റ്റഡിയിലായിരുന്നു. ഈ കേസിൽ 36 ദിവസം കസ്റ്റഡിയിലാണ്. ശിവശങ്കറിന്​ പണം നൽകിയിട്ടില്ലെന്ന്​ സന്തോഷ് ഈപ്പൻ ചോദ്യം ചെയ്യലിൽ ഇ.ഡിക്ക്​ മൊഴി നൽകിയിട്ടുണ്ട്​. ആരോഗ്യാവസ്ഥ മോശമായതിനാൽ ശിവശങ്കറിന്​ നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നെന്നും അഭിഭാഷകൻ​ അറിയിച്ചു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി യു.എ.ഇ റെഡ് ക്രസന്‍റ്​ നൽകിയ ഫണ്ടിൽനിന്ന് സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്ന്​ ആരോപിച്ചാണ് ഇ.ഡി ഫെബ്രുവരി 14ന് ശിവ ശങ്കറിനെ അറസ്റ്റ് ചെയ്തത്. എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഡീ. സെഷൻസ്​ കോടതി ജാമ്യഹരജി തള്ളിയതിനെത്തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

യു.എ.ഇ റെഡ് ക്രസന്‍റ്​ നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ്​ സന്തോഷ് ഈപ്പന്‍റെ യൂനിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡി കേസ്. ശിവശങ്കറിന്​ കോഴയായി പണം നൽകിയെന്നും ഈ പണമാണ്​ സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറുകളിൽനിന്ന്​ കണ്ടെത്തിയതെന്നുമാണ് ആരോപണം. സ്വപ്നയുടെ എസ്​.ബി.ഐയിലെ ലോക്കറിൽനിന്ന്​ 64 ലക്ഷവും ഫെഡറൽ ബാങ്ക് ലോക്കറിൽനിന്ന് 36.5 ലക്ഷവുമാണ് എൻ.ഐ.എ പിടിച്ചെടുത്തത്. 

Tags:    
News Summary - In the same incident, two cases are illegal; Shiva Shankar in the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.