കൊച്ചി: കേന്ദ്ര സർക്കാർ ഫിഷറീസ് മേഖലയിലെ രാജ്യത്തെ ആദ്യ അടൽ ഇൻക്യുബേഷൻ കേന്ദ്രം കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലക്ക് (കുഫോസ്) അനുവദിച്ചു. രാജ്യവ്യാപകമായി പുത്തൻ സാങ്കേതികവിദ്യയും നവീന ആശയങ്ങളും യോജിപ്പിച്ച് അടിസ്ഥാന മേഖലകളിൽ രാജ്യാന്തര നിലവാരത്തിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട് നിതി ആയോഗ് നടപ്പാക്കുന്ന അടൽ ഇന്നവേഷൻ മിഷനിൽ ഉൾപ്പെടുത്തിയാണ് കുഫോസിന് കേന്ദ്രം അനുവദിച്ചത്.
ഇതിനായി 10 കോടി കുഫോസിന് നൽകും. കുഫോസിലെ ഫിഷ് പ്രോസസിങ് വിഭാഗം മേധാവി ഡോ. രാധിക രാജശ്രീ തയാറാക്കിയ പദ്ധതിരേഖക്ക് അടൽ ഇന്നവേഷൻ മിഷൻ വിശദ പരിശോധനകൾക്ക് ശേഷം അംഗീകാരം നൽകുകയായിരുന്നു. കുഫോസിന് കീഴിൽ രൂപവത്കരിക്കുന്ന അടൽ ഇന്നവേഷൻ മിഷൻ കൊച്ചി ഫൗണ്ടേഷന്റെ നിയന്ത്രണത്തിലാകും കേന്ദ്രം പ്രവർത്തിക്കുക.
ഫിഷറീസ് അനുബന്ധ മേഖലകളിൽ ദേശീയ തലത്തിൽ കുഫോസ് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ പറഞ്ഞു. ഫിഷറീസ്-സമുദ്ര അനുബന്ധ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ലക്ഷ്യമിടുന്ന സംരംഭകർക്ക് എല്ലാ സഹായവും കുഫോസിലെ അടൽ ഇൻക്യുബേഷൻ കേന്ദ്രത്തിൽനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.