കോഴിക്കോട്: ജില്ലയിലെ കയർവ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾക്കിടയിൽ പ്രതീക്ഷയാണ് ഓണക്കാലം. ഓണാഘോഷ പരിപാടികൾ കൂടുതൽ ജനകീയമായതോടെ കമ്പവലിമത്സരങ്ങൾ ഒഴിച്ചുകൂടാതായി. സംസ്ഥാനത്ത് മിക്കയിടത്തേക്കും വലിയ കമ്പകൾ എത്തുന്നത് കക്കോടി പഞ്ചായത്തിലെ ചെറുകുളത്തുനിന്നാണ്. മുമ്പ് കയർ വ്യവസായത്തിന്റെ മുഖ്യകേന്ദ്രമായിരുന്നു ചെറുകുളം.
അകലാപ്പുഴയിലെയും പൂനൂർ പുഴയിലെയും നൂറുകണക്കിന് ചകിരി കുഴികളിൽ തൊണ്ട് മാസങ്ങൾ പൂഴ്ത്തിയിട്ട് പാകപ്പെടുത്തി പുഴയോരത്ത് തൊഴിലാളികൾ തൊണ്ട് തല്ലിയെടുക്കുന്ന നാരുകൾ കയറാക്കി മാറ്റുന്ന യന്ത്രശാലകൾ നിരവധിയുണ്ടായിരുന്നു. പൂനൂർ പുഴയോടും അകലാപ്പുഴയോടും ചേർന്ന കടവുകളിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാർഗമായിരുന്നു ഇത്. യന്ത്രശാലകളിലും വീടുകളിലിരുന്നും കയർ പിരിക്കാനും അവ സംസ്ഥാനത്തിനകത്തും പുറത്തും എത്തിക്കാനും തമിഴ്നാട്ടിൽനിന്നടക്കം നൂറുകണക്കിന് തൊഴിലാളികൾ എത്തിയിരുന്നു. നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഈ മേഖലയിൽ സജീവമായിരുന്നു.
കയർ സൊസൈറ്റി വിതരണം ചെയ്യുന്ന ചകിരിനാരുകൾ വീടുകളിലിരുന്ന് ചൂടിയാക്കി പിരിച്ചുനൽകിയിരുന്നത് ഈഭാഗത്തെ വീട്ടമ്മമാരുടെ വരുമാനമാർഗമായിരുന്നു. പ്രതാപമുറങ്ങുന്ന ചെറുകുളത്തെ കയർമേഖലയിൽ അവസാന കണ്ണിയായ തെക്കയിൽ രമേശന്റെ നേതൃത്വത്തിലാണ് ഇപ്പോൾ വ്യവസായം മുന്നോട്ടുപോവുന്നത്. ഇവരുടെ പ്രധാന ഉൽപന്നങ്ങളിലൊന്നാണ് കമ്പനിർമാണം. മലബാറിൽതന്നെ കമ്പ നിർമിക്കുന്ന അപൂർവം കേന്ദ്രങ്ങളിലൊന്ന്. 25 മീറ്റർ നീളമുള്ള കമ്പയാണ് നിർമിക്കുന്നത്. നിർമാണം കമ്പ വലിക്കുന്നതിനേക്കാൾ വലിയ ശ്രദ്ധയിൽ വേണം. ഒരു കമ്പയുണ്ടാക്കാൻ 10 പേരെങ്കിലും രണ്ട് മണിക്കൂറോളം അധ്വാനിക്കണം. കൈകൊണ്ട് പിരിച്ചുണ്ടാക്കുന്ന ചൂടികൾതന്നെ വേണം.
യന്ത്രത്തിൽ പിരിച്ചെടുക്കുന്നവക്ക് മയമില്ലാത്തതിനാൽ മത്സരാർഥികളുടെ കൈപൊട്ടും. അതിനാൽ വീടുകളിൽ നാര് എത്തിച്ച് വീട്ടമ്മമാർ പിരിച്ചുനൽകുന്ന ചൂടിയാണ് ഉപയോഗിക്കുക. എട്ടിഞ്ച് വണ്ണമുള്ള കമ്പക്ക് ഇത്തരം 52 ചൂടികൾ വേണം. ഇത് കൈകൊണ്ട് തിരിക്കുന്ന തറികളിൽ മുറുക്കിയെടുക്കണം. ആറുപേർ കയർ ഒരുമിച്ച് മുറുക്കണം. ഏറ്റവുമറ്റത്ത് മറ്റൊരാൾ പിടിക്കണം. ഓരോയിഴയും മുറുകിവരുമ്പോൾ കട്ടവക്കാനും ആളുകൾ വേണം. ഒരു സെക്കൻഡ് ശ്രദ്ധ തെറ്റിയാൽ ചൂടികൾ ചുറ്റിപ്പിണഞ്ഞ് ഉപയോഗശൂന്യമാവും.
എട്ടിഞ്ച് വണ്ണത്തിലാണ് കമ്പയുണ്ടാക്കുന്നതെങ്കിലും കുട്ടികളുടെ മത്സരത്തിന് ആറിഞ്ച് വണ്ണത്തിലുള്ളവക്കും ആവശ്യക്കാരുണ്ടെന്ന് തെക്കയിൽ രമേശൻ പറഞ്ഞു. എട്ടിഞ്ച് കമ്പക്ക് 3500 രൂപയാണ് വില. നിർമാണച്ചെലവ് കൂടിയിട്ടും വർഷങ്ങൾ മുമ്പുള്ള വിലതന്നെയാണ് ഈടാക്കുന്നത്. വടകര, കൊയിലാണ്ടി, കോഴിക്കോട് വെള്ളയിൽ തുടങ്ങി പലയിടത്തും മുമ്പ് കമ്പ നിർമാണമുണ്ടായിരുന്നുവെങ്കിലും തെക്കെയിൽ രമേശന്റെയും ജസിൽ തെക്കയിലിന്റെയും നേതൃത്വത്തിലാണ് ഇപ്പോൾ മലബാറിലെതന്നെ മുഖ്യ വടം നിർമാണം. നൂറുകണക്കിന് തൊഴിലാളികൾക്ക് ഓണനാളുകളിൽ ഇതൊരു വരുമാനമാർഗമാണ്. ഈ ഓണത്തിനും കാസർകോട്, വയനാട്, കണ്ണൂർ, മലപ്പുറം തുടങ്ങി വിവിധയിടങ്ങളിലേക്ക് വടം കയറ്റിത്തുടങ്ങി. ഒരു കമ്പക്കയർ നനയാതെ സൂക്ഷിച്ചാൽ 12 കൊല്ലം വരെ കേടാവാതിരിക്കും.
അതിനാൽ ഒരു സ്ഥലത്തുനിന്ന് തൊട്ടടുത്ത കൊല്ലം ഓർഡർ കുറവായിരിക്കും. പ്രകൃതിദത്ത കയറുകൾ കൊടികുത്തിവാണിരുന്ന മിക്ക മേഖലകളും പ്ലാസ്റ്റിക് കൈയടക്കിയെങ്കിലും വടം വലിക്കുള്ള കമ്പ നാടൻ കയർ കൊണ്ടുതന്നെ വേണമെന്നതാണ് ഈ മേഖല ഇപ്പോഴും പിടിച്ചുനിൽക്കുന്നതിന് മുഖ്യകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.