പാലക്കാട്: ക്ഷേമപദ്ധതികളുടെ പാളിച്ചകൾക്കൊപ്പം കോവിഡിനെ തുടർന്നുള്ള സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ കൂടി ചേർന്നതോടെ അട്ടപ്പാടിയിൽ വീണ്ടും ആശങ്ക. 2013ൽ 47 കുട്ടികൾ മരിച്ചതിന് സമാനമായ സാഹചര്യം ഒരിടവേളക്ക് ശേഷം വീണ്ടും ആവർത്തിക്കുമോയെന്നാണ് ചോദ്യമുയരുന്നത്.
ഒൗദ്യോഗിക കണക്കനുസരിച്ച് അട്ടപ്പാടിയിൽ ഒമ്പത് വർഷത്തിനിടെ മരിച്ചത് 121 കുട്ടികളാണ്. 2013 മുതൽ ഈ നവംബർ 27 വരെയുള്ള കണക്കാണിത്. വിവിധ സന്നദ്ധ സംഘടനകളടക്കമുള്ളവരുടെ ലഭ്യമായ കണക്കനുസരിച്ച് ഇത് 152 ആണ്. ഇൗ വർഷം ജനുവരി മുതൽ ഇതുവരെ ഒമ്പത് പേർ മരിച്ചെന്നാണ് ഒൗദ്യോഗിക റിപ്പോർട്ട്. അനൗദ്യോഗിക കണക്കനുസരിച്ച് 11 ആണ്. ഗർഭസ്ഥ ശിശുക്കളുടെ മരണമടക്കമാണ് സർക്കാർ കണക്ക്. ഇൗ കാലയളവിൽ ആറ് മാതൃമരണങ്ങളും രേഖപ്പെടുത്തി. ഇതിനിടെ ഗർഭം അലസിയ 360 കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പിെൻറ രേഖകൾ വ്യക്തമാക്കുന്നു. കോവിഡ് ലോക്ഡൗണും സാമ്പത്തിക ബുദ്ധിമുട്ടും അനുയോജ്യ ഭക്ഷണത്തിെൻറ കുറവും പൊതു ആരോഗ്യത്തിന് ഭീഷണിയായെന്നാണ് നിരീക്ഷണം.
ഉൗരുകളിൽ ഭക്ഷ്യക്കിറ്റടക്കമുള്ളവയുടെ വിതരണം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. ഗർഭിണികൾക്ക് മൂന്നാം മാസം മുതൽ 18 മാസം വെര 1000 രൂപ സഹായം നൽകിയിരുന്ന ജനനി ജന്മരക്ഷ പദ്ധതി നിശ്ചലമായിട്ട് മാസങ്ങളായി. പട്ടികവർഗ പ്രൊമോട്ടർമാരിൽ പലരും വേതനം നിലച്ചതോടെ ഉൗരിൽ എത്തുന്നില്ലെന്നും പരാതിയുണ്ട്. ഗർഭിണികളുടെയും കുട്ടികളുടെയും കാര്യത്തിൽ നിർണായക ഇടപെടൽ നടത്തേണ്ട ആശാ വർക്കർമാരിൽ പലരും നിഷ്ക്രിയരാണ്. പരാതിയുയർന്നാലും രാഷ്ട്രീയ താത്പര്യങ്ങളാൽ പലതും അപ്രസക്തമാകും. െഎ.ടി.ഡി.പി പ്രോജക്ട് ഒാഫിസിെൻറ ഇടപെടലുകളിൽ പലതും ലക്ഷ്യം കാണാതെ അവസാനിക്കുന്നതാണ് പതിവ്.
സംസ്ഥാനത്ത് ആദിവാസികൾക്കിടയിൽ പോഷകാഹാരക്കുറവ് പരിഹരിക്കാൻ പോഷണ കേന്ദ്രങ്ങളും സമൂഹ അടുക്കളകളും പ്രവർത്തിക്കുന്ന മേഖലയാണ് അട്ടപ്പാടി. 2013ൽ അഗളി, ഷോളയൂർ, പുതൂർ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ പോഷണ പുനരധിവാസ കേന്ദ്രങ്ങൾ തുറന്നിരുന്നു. ഇവ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഹൈകോടതി ഇടപെടലിനെ തുടർന്ന് 182 ഉൗരുകളിൽ തുറന്ന സാമൂഹിക അടുക്കളകൾ 110 എണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. 175 അങ്കണവാടികളും 116 ആശാ വർക്കർമാരും അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ട്. 150 ആദിവാസി പ്രൊമോട്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജെ.പി.എച്ച്.എൻ, ജെ.എച്ച്.െഎ എന്നിവരും അട്ടപ്പാടിയിലുണ്ട്.
മൂന്ന് കുടുംബാേരാഗ്യകേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യകേന്ദ്രം, അഞ്ച് മൈാബൈൽ യൂനിറ്റുകൾ, ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി, െഎ.ടി.ഡി.പിയുടെ രണ്ട് ഒ.പി ക്ലിനിക്കുകൾ, 28 സബ്സെൻററുകൾ, മൂന്ന് ആയുർേവദ ആശുപത്രികൾ, മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ എന്നിങ്ങെന അട്ടപ്പാടിയിലെ ആരോഗ്യ സംവിധാനങ്ങൾക്കൊന്നും കുറവില്ല. കുടുംബശ്രീ നേതൃത്വത്തിൽ പോഷകാഹാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കാർഷിക പദ്ധതികളും മില്ലറ്റ് ഗ്രാമം പദ്ധതിയുൾപ്പെടെ കൃഷിവകുപ്പ് പദ്ധതികളും ഉള്ളപ്പോൾ ശിശുമരണങ്ങൾ ആവർത്തിക്കുന്നതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുകയാണ്.
അട്ടപ്പാടിയിലെ ഉൗരുകളിലേക്ക് സഞ്ചരിക്കുന്ന അടുക്കളകൾ
അഗളി (പാലക്കാട്): അട്ടപ്പാടിയിലെ ഉൗരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് പട്ടികജാതി -വർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ.
ആദിവാസി വിഭാഗത്തിലെ വീടുകളില്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ് ആലോചന.
സാമൂഹിക അടുക്കളകള്‍ എന്നതിലുപരി ആദിവാസി വിഭാഗത്തെ സ്വയം ഭക്ഷണമുണ്ടാക്കുന്നതിലേക്ക് ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. ഊരുകളില്‍ ആരോഗ്യസംഘം പരിശോധന നടത്തും.
കുടുംബശ്രീയും സപ്ലൈകോയും അടിയന്തരമായി ഓരോ കോടി രൂപ വീതം അട്ടപ്പാടിക്ക് അനുവദിക്കും. പഞ്ചായത്തുകള്‍ അവര്‍ക്ക് കീഴിലുള്ള ആദിവാസി ഊരുകളുടെ എണ്ണം, സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള കണക്കുകള്‍ ശേഖരിച്ച് അവര്‍ക്കുവേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കണം.
ആദിവാസി സമൂഹത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കാൻ ആവശ്യം വന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.
അംഗന്‍വാടികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. 500 വനം ഫീല്‍ഡ് ഓഫിസര്‍മാരെ തെരഞ്ഞെടുക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നാണ് ലക്ഷ്യം.
എൻജിനീയറിങ്, ഐ.ടി, ഐ.ടി.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് താൽക്കാലികമായി തൊഴില്‍ നല്‍കും. 200 പേര്‍ക്ക് എക്സൈസ് വകുപ്പില്‍ ജോലി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.