വിവാദ നിയമം; പരാതി പിൻവലിക്കാൻ നിർദേശം നൽകിയതായി പി.കെ. ഫിറോസ്

കോഴിക്കോട്: തന്നെ അപകീർത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118 എ പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദേശം നൽകിയതായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഫിറോസിനെ ഫേസ്ബുക്കിൽ അപമാനിച്ചുവെന്ന് കാണിച്ച് മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാദമായ നിയമഭേദഗതിയിൽ സംസ്ഥാനത്തെ ആദ്യ കേസാണിത്.

സി.പി.എം പ്രവർത്തകൻ എ.കെ. തിലകനെതിരെയാണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. കേരള പൊലീസ് ആക്റ്റ് 118 എ അനുസരിച്ച് നടപടിയെടുക്കണമെന്നാണ്​ആവശ്യം. കമറുച്ചക്കും ഇബ്രാഹിം കുഞ്ഞിനും ഒരേ സെല്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാഡ് പി.കെ. ഫിറോസ് പിടിച്ചുനില്‍ക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ചാണ് തിലകന്‍ പോസ്റ്റ് ഇട്ടത്.

118 എ നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകുമെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കും.

ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാൽ അതിന് തടയിടാനാകുമായിരിക്കും. സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും! ശേഷം വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണം.

ഇങ്ങിനെയൊക്കെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ തലയിൽ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാർട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോയെന്നും പി.കെ. ഫിറോസ് ചോദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.