തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ സുസ്ഥിര ടൂറിസം പദ്ധതിയായ 'സ്ട്രീറ്റി'ന് ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്‍റെ പുരസ്കാരം. പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളിൽ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിനര്‍ഹമാക്കിയത്. 'ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്' എന്ന ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ നയത്തിന്‍റെ ചുവടുപിടിച്ചാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായാണ് 'സ്ട്രീറ്റ്' നടപ്പാക്കി വരുന്നത്. ജല സംരക്ഷണം, ജല ലഭ്യത മെച്ചപ്പെടുത്തല്‍ എന്നീ ഘടകങ്ങളാണ് പുരസ്കാരത്തിന് സഹായകമായത്.
പുതിയ ചുവടുവെപ്പുകളുമായി മുന്നോട്ടുപോകാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നതാണ് പുരസ്കാര നേട്ടമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരള സംഘത്തെ നയിക്കുന്നത് മന്ത്രിയാണ്.
കോവിഡിന് ശേഷം ടൂറിസം മേഖലയെ തിരികെ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ഇത് കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഊർജം പകരും. ലോക ടൂറിസം ഭൂപടത്തിലെ ഓരോ മേഖലയിലും കേരള ടൂറിസം അംഗീകരിക്കപ്പെടുകയാണ്. ഉത്തരവാദിത്ത ടൂറിസത്തെ കേരള ടൂറിസത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കുമരകത്തിനടുത്തുള്ള മറവന്‍തുരുത്താണ് 'വാട്ടര്‍ സ്ട്രീറ്റ്' പദ്ധതിയിലെ പ്രധാന ഇടം. ഇവിടെ 18 തോടുകള്‍, മൂന്ന് നദികള്‍, കായല്‍ എന്നിവ ഉള്‍പ്പെടുത്തി വാട്ടര്‍ സ്ട്രീറ്റാണ് ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികള്‍, ഉത്തരവാദിത്ത ടൂറിസം യൂനിറ്റുകള്‍, പഞ്ചായത്ത് എന്നിവ ചേര്‍ന്നാണ് ഈ പദ്ധതിക്കായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനായി തോടുകളുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം കൊണ്ട് ബലപ്പെടുത്തി പൂന്തോട്ടം, ഔഷധസസ്യങ്ങള്‍, പച്ചക്കറി എന്നിവ നട്ടുപിടിപ്പിച്ചു. വെള്ളം തെളിഞ്ഞതോടെ കയാക്കിങ്, നാടന്‍ വള്ളം, ഷിക്കാര എന്നിവ ഇതിലൂടെ പോകാന്‍ തുടങ്ങി. പ്രാദേശിക ഉൽപന്നങ്ങളുടെ വില്‍പന, ചൂണ്ടയിടല്‍, മീന്‍പിടുത്തം എന്നിവയും സംഘടിപ്പിച്ചു. ജലസ്രോതസ്സുകളിലെ മലിനീകരണം തടയേണ്ടതിന്‍റെ ബോധവത്കരണം കൂടിയായി ഈ പദ്ധതി മാറിയിരുന്നു. ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണവും നടപടികളും മൂലം മഴക്കാലത്ത് ഈ ഭാഗങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടും ഒഴിവായി. മറവന്‍തുരുത്തിലെ ഈ വിജയമാതൃക വാട്ടര്‍ സ്ട്രീറ്റ് എന്ന ഉപ പദ്ധതിക്കും തുടക്കമിട്ടു.
കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ഡയറക്ടര്‍ പി.ബി നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ എന്നിവരും ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു. ടൂറിസം വ്യവസായത്തിലെ പ്രമുഖർ പങ്കെടുക്കുന്ന ലോകത്തിലെ സുപ്രധാന മേളയാണിത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഒന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ബുധനാഴ്ച സെമിനാര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ മന്ത്രി ആമുഖ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.