കൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന്റെ തലേ ദിവസം ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് കാണാതായ സമ്മേളന പ്രതിനിധിയായ മത്സ്യത്തൊഴിലാളിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് അന്വേഷണ സംഘം ഹൈകോടതിയിൽ. സെപ്റ്റംബർ 29ന് കാണാതായ സജീവനെന്ന മത്സ്യത്തൊഴിലാളി കടലിലെ ഒഴുക്കിൽപെട്ടതായി സംശയിക്കുന്നതായും വ്യക്തമാക്കി. തുടർന്ന്, സജീവനെ കാണാനില്ലെന്ന് കാട്ടി ഭാര്യ സജിത നൽകിയ ഹേബിയസ്കോർപസ് ഹരജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
അന്വേഷണം തുടരാനും ആലപ്പുഴ ജില്ല പൊലീസ് സൂപ്രണ്ട് മേൽനോട്ടം വഹിക്കാനും കോടതി നിർദേശിച്ചു. ആളെ കണ്ടെത്തുകയോ വിവരം ലഭിക്കുകയോ ചെയ്താൽ അക്കാര്യം അധികാരപരിധിയിലുള്ള മജിസ്ട്രേട്ട് കോടതിയെ അറിയിക്കാനും ഉത്തരവിൽ പറയുന്നു.
കാണാതായതിന്റെ അന്ന് വൈകീട്ട് അമ്പലപ്പുഴ പൊലീസിലും ഓക്ടോബർ ആറിന് ആലപ്പുഴ എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. സെപ്റ്റംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ വിമതപക്ഷത്തുള്ള സജീവനെ തട്ടിക്കൊണ്ടുപോയതാണെന്ന് ആശങ്കയുണ്ടെന്നും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് ചിലർ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ശരിയല്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തി. ഒഴുക്കിൽപെട്ട് കാണാതായതാണെന്ന സംശയമുള്ളതിനാൽ ഇത്തരത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും വ്യക്തമാക്കി. ഈ വിശദീകരണം രേഖപ്പെടുത്തിയാണ് ഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.