പിണറായിയെ താഴെയിറക്കാനാണോ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യച്ചൂരി

തിരുവനന്തപുരം: പിണറായി വിജയനെ താഴെയിറക്കാനാണോ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർ‌ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൂജപ്പുരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിൽ പോകാൻ പേടിയുള്ള കോൺഗ്രസുകാരാണ് ബി.ജെ.പിയിൽ ചേരുന്നത്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ എത്തി. ബി.ജെ.പിക്ക് എതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി വിജയനെന്നും യച്ചൂരി പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം കൂടികൊണ്ടിരിക്കുന്നു. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുന്നില്ല. വർഗീയതയുടെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കുകയാണ്. ഇലക്ടറൽ ബോണ്ടിനെ എതിർത്തത് ഇടതുപക്ഷമാണ്. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ നടപ്പില്ലാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തിൽ നിന്ന് ബി.ജെ.പിയുടെ ഒരു എം.പി പോലും പാർലമെന്റിലേക്ക് പോകില്ല. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കാൻ ബി.ജെ.പി പിന്തുണ നൽകുകയാണ്. മോദി സർക്കാർ ദേശീയ സമ്പദ് വ്യവസ്ഥയെ തകർക്കുന്നു.

പാർലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റി. കശ്മീരിനെ ബി.ജെ.പി ഇല്ലാതാക്കി. സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് നിയമവാഴ്ചയെ മാറ്റിമറിച്ചു. പ്രത്യേക അവകാശം റദ്ദ് ചെയ്തപ്പോൾ ജമ്മു കശ്മീരിൽ പോകാന്‍ പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ല. അന്ന് അതിനെതിരെ സുപ്രീം കോടതിയിൽ പോയ ആളാണ് താന്‍. കോടതിയുടെ അനുമതിയോടെ കശ്മീരിൽ പോയപ്പോൾ യാഥാർഥ്യം മനസിലാക്കാനായെന്നും യച്ചൂരി പറഞ്ഞു.

മോദിയെയും ബി.ജെ.പിയെയും സ്ഥിരതയോടെ എതിര്‍ക്കുന്നത് സി.പി.എം ആണ്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് എതിർക്കുന്നത് എൽ.ഡി.എഫിനെയും മുഖ്യമന്ത്രിയേയുമാണ്. ഫാഷിസ്റ്റ് നിയമവാഴ്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങൾ കേന്ദ്രം തകർത്തു. മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടു വന്നു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിതെന്നും യെച്ചൂരി പറഞ്ഞു. 

Tags:    
News Summary - Is Congress trying to bring down Pinarayi or defeat Narendra Modi, Yachuri said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.