തിരുവനന്തപുരം: വരുന്നത് തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എൻ.ഡി.എ എന്നാൽ വിഭജനമെന്നാണ് അർഥം. ഇത്തവണ കേരളത്തിൽ കഠിനപ്രയത്നം ചെയ്താൽ 20 സീറ്റും നേടാൻ കോൺഗ്രസിനാവും. രാജ്യത്ത് കോൺഗ്രസ് സർക്കാർ വന്നില്ലെങ്കിൽ മണിപ്പൂർ ആവർത്തിക്കും. കെ.പി.സി.സിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിക്കെതിരെ പോരാടാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരണം. കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. തെലങ്കാനയിലെ മുൻ ബി.ആർ.എസ് സർക്കാറും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറും തമ്മിൽ വ്യത്യാസമില്ല. നാട്ടിൽ സമാധാനം സംരക്ഷിക്കാനും ജനാധിപത്യം നിലനിൽക്കാനും കോൺഗ്രസ് അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രാജ്യത്ത് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സച്ചിൻ പൈലറ്റ് പറഞ്ഞു. ബി.ജെ.പി ഭരണത്തിൽ മതേതരത്വവും ജനാധിപത്യവും തകർക്കപ്പെടുകയാണ്. കർഷകരും സാധാരണക്കാരും ദുരിതം അനുഭവിക്കുന്നു. ഇ.ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ നേരിടാൻ അവർ ശ്രമിക്കുന്നു. ഇ.ഡിയുടെ 90 ശതമാനം കേസുകളും പ്രതിപക്ഷത്തിനെതിരെയാണ്. കേരളത്തിലാവട്ടെ ഇടത് സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എം.എം. ഹസൻ, തെലങ്കാന മന്ത്രി പൊന്നം പ്രഭാകർ, ജിഗ്നേഷ് മേവാനി, ടി. സിദ്ദീഖ്, അടൂർ പ്രകാശ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.