അഴിമതി കുറഞ്ഞാൽ പോര, ഇല്ലാതാവണമെന്ന് മുഖ്യമന്ത്രി

കൊച്ചി :  അഴിമതി കുറഞ്ഞാൽ പോര, ഇല്ലാതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതിയായ കെ-സ്മാർട്ട് സോഫ്റ്റ് വെയർ ആപ്ലിക്കേഷന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതി നടത്തൽ അവകാശമായി കാണുന്നവരുണ്ട്. ചെയ്ത ജോലിക്ക് ശമ്പളം വാങ്ങലാണ് അവകാശം. ജനങ്ങളെ സേവിക്കലാണ് പ്രധാനം. ജനങ്ങൾക്ക് പ്രയാസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കണം. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണ തന്നെ  പറയാനാകണം. അപേക്ഷകർ അനാവശ്യമായി പിഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. പുതിയ സംവിധാനത്തോടെ ഇതിനൊക്കെ വലിയ തോതിൽ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സേവനങ്ങൾ കൃത്യമായി ലഭ്യമാക്കണമെങ്കിൽ ഓഫീസ് പ്രവർത്തന സംവിധാനങ്ങളെയും സാങ്കേതികവിദ്യക്കനുസരിച്ച് നവീകരിക്കണം. അതിന്റെ ഭാഗമായാണ് സർക്കാർ ഓഫീസുകൾക്കുള്ളിലെ ഫയൽ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയത്. സെക്രട്ടേറിയറ്റിലും കലക്ടറേറ്റുകളിലും സബ് കലക്ടറേറ്റുകളിലും കമീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും മറ്റും ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നു കഴിഞ്ഞു. താലൂക്ക് തലത്തിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ഇതിനെല്ലാം പുറമെ 900ത്തോളം സേവനങ്ങൾ ഓൺലൈനാക്കിയതും എം-സേവനം എന്ന പേരിൽ പ്രത്യേക ആപ്പ് പുറത്തിറക്കിയതുമെല്ലാം സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിൽ നമുക്ക് നല്ലരീതിയിൽ കഴിഞ്ഞു എന്ന്  തെളിയിക്കുന്നു. ആ നിരയിലെ മറ്റൊരു മുൻകൈയാണ് കെ-സ്മാർട്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന - മരണ രജിസ്‌ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ സേവനങ്ങൾ ഇനി ഓൺലൈനായി ലഭ്യമാകും. അതിനുള്ള സുഗമവും സുതാര്യവുമായ മാർഗ്ഗമാണ് കെ-സ്മാർട്ട്. ഇപ്പോൾ വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - It is not enough that corruption is reduced, the Chief Minister wants it to be eradicated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.