ഫോൺ ചോർത്തൽ: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ ഫോൺ ചോർത്തിയ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം. വിഷയത്തിൽ ജേക്കബ് തോമസ് പ്രതികൂട്ടിൽ നിർത്തിയത് മുഖ്യമന്ത്രിയെ ആണെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ശീതസമരമാണ്. ഉദ്യോഗസ്ഥർ തമ്മിൽ പാരവെയ്പ്പാണെന്നും തീക്കട്ടയിൽ ഉറുമ്പരിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഫോൺ ചോർത്തൽ വിവാദത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടക്കണം. ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് അന്വേഷണം നടത്താൻ യോഗ്യതയില്ല. രണ്ടാമന് എങ്ങനെ മൂന്നാമന് പരാതി നൽകാൻ സാധിക്കുകയെന്നും തിരുവഞ്ചൂർ ചോദിച്ചു.

പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ ചോർത്തൽ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സഭയെ അറി‍യിച്ചു. ഫോൺ ചോർത്തൽ വിഷയത്തിൽ ജേക്കബ് തോമസ് പരാതി നൽകിയിട്ടില്ല. ഫോൺ ചോർത്തിയെന്ന പത്രവാർത്ത ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വാർത്തകളെ കുറിച്ചുള്ള ആശങ്കയാണ് വിജിലൻസ് ഡയറക്ടർ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരുടെയും ഫോൺ ചോർത്താൻ സർക്കാർ അനുമതി നൽകിയിട്ടില്ല. വിജിലൻസിന്‍റെ സ്വാതന്ത്ര്യത്തെ തടയുന്ന ഒരു നടപടിയുമില്ലെന്നും ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തുന്നത് സർക്കാർ നയമല്ലെന്നും പിണറായി വ്യക്തമാക്കി.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തുടരണമെന്നാണ് സർക്കാറിന്‍റെ നിലപാടെന്ന് പിണറായി പറഞ്ഞു. അദ്ദേഹത്തിനെതിരെ പല നീക്കങ്ങളും നടക്കുന്നുണ്ട്. കാര്യങ്ങൾ നല്ലവണ്ണം നടത്താൻ സർക്കാർ എല്ലാ പിന്തുണയും വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ അനുമതിയോടെ ആണ് വിജിലൻസ് ഡയറക്ടറുടെ ഫോൺ ചോർത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അല്ലെങ്കിൽ ജേക്കബ് തോമസിന് സ്ഥലജല ഭ്രമമാണ്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. പരാതിയുടെ ഗൗരവം മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.  

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    
News Summary - jacob thomas ips phone tapping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.