മലപ്പുറം: പി.സി. ജോർജിെൻറ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളർന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളിൽ (എസ്) ലയിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ചെയർമാൻ ഇ.കെ. ഹസൻകുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചതെന്ന് അവർ പറഞ്ഞു.
ദലിത്, ഇൗഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി.സി. ജോർജിെൻറ നിലപാടിൽ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികളിൽ മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഹാജി പാമങ്ങാടനെയും ചെയർമാനായി പാലക്കാട് ജില്ല പ്രസിഡൻറായിരുന്ന ജയൻ മമ്പറത്തെയും സംസ്ഥാന വർക്കിങ് പ്രസിഡൻറായി സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഖാദർ മാസ്റ്ററെയും ജനറൽ സെക്രട്ടറിയായി കണ്ണൂർ ജില്ല പ്രസിഡൻറായിരുന്ന എസ്.എം.കെ. മുഹമ്മദലിയെയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച മലപ്പുറം കിളിയമണ്ണിൽ ഒാഡിറ്റോറിയത്തിൽ സംസ്ഥാന നേതൃസംഗമവും ജനതാദൾ (എസ്)ലേക്കുള്ള ലയനസമ്മേളനവും നടക്കും. ജനതാദൾ (എസ്) നേതാക്കളായ മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണൻ കുട്ടി, സി.കെ. നാണു തുടങ്ങിയവർ പെങ്കടുക്കും.
വാർത്തസമ്മേളനത്തിൽ അബ്ദുറഹ്മാൻ പാമങ്ങാടൻ, എസ്.എം.കെ. മുഹമ്മദലി, കെ. സുരേഷ്, റോബിൻ മൈലാട്, അബ്ദുറസാഖ് പെരുവള്ളൂർ തുടങ്ങിയവർ പെങ്കടുത്തു. അതേസമയം, പാർട്ടിയുമായി മാസങ്ങളായി ബന്ധമില്ലാത്തവരാണ് പുതിയ തീരുമാനവുമായി രംഗത്തുവന്നതെന്നും വാർത്തപ്രാധാന്യം മാത്രമാണ് നീക്കത്തിന് പിന്നിലെന്നും പഴയ കമ്മിറ്റി തുടരുമെന്നും പി.സി. ജോർജ് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.