ഇ.എൻ. സുരേഷ് ബാബു

ജനതാദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം: സി.പി.എം ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു

പാലക്കാട്: ജനതാദള്‍ പ്രവര്‍ത്തകനെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉള്‍പ്പെടെ ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. ഇതേ ജീപ്പിടിച്ച് ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടിരുന്നു.

വണ്ടിത്താവളം സ്വദേശിയും ജനതാദള്‍ പ്രവര്‍ത്തകനുമായ ശിവന്‍, വഴിയാത്രക്കാരായ കറുപ്പുസ്വാമി എന്നിവരുടെ കൊലപാതക കേസിലാണ് പാലക്കാട് ഫാസ്റ്റ് ട്രാക് കോടതി പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. 2002ൽ ചിറ്റൂര്‍ ആലാംകടവ് നറണി പാലത്തിന് സമീപത്തായിരുന്നു സംഭവം.

ശിവന്‍ മഴക്കോട്ടിടാൻ ബൈക്ക് നിർത്തിയപ്പോൾ പിറകോട്ടെടുത്ത് വന്ന ജീപ്പിടിച്ചായിരുന്നു അപകടം. ഇതിനിടെ വഴിയാത്രക്കാരനായ കറുപ്പുസ്വാമിയെയും ഇടിച്ച ജീപ്പ് മറിഞ്ഞു. സംഭവം നടന്നയുടന്‍ പ്രതികള്‍ ഓടിപ്പോയി. ആദ്യം അപകടമരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ജീപ്പില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതോടെ കൊലപാതക കേസായി മാറുകയായിരുന്നു.

സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ ഗൂഢാലോചനക്കുറ്റത്തിനാണ് പ്രതിചേർത്തത്. സി.പി.എം-ജനതാദള്‍ തര്‍ക്കം രൂക്ഷമായിരുന്ന ഘട്ടത്തില്‍ ചിറ്റൂര്‍ മേഖലയെ സംഘര്‍ഷഭരിതമാക്കിയ സംഭവമായിരുന്നു ഇത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. കെ. വിശ്വം, എന്‍. രാജേഷ് എന്നിവര്‍ ഹാജരായി.

Tags:    
News Summary - Janata Dal activist's murder: CPM district secretary acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.