കോഴിക്കോട്: കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിന് ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ആരിഫിന് ആ മഹത്തായ പദവിയില്‍ അര്‍ഹതയുണ്ടോ എന്ന തലക്കെട്ടാണ് മുഖപ്രസംഗത്തിന് ജനയുഗം നൽകിയിരിക്കുന്നത്.
ഭരണഘടനാപദവി രാഷ്ട്രീയ കസർത്തിനുപയോഗിക്കുന്ന ആരിഫ് മുഹമ്മദ്ഖാൻ ഗവർണർ സ്ഥാനത്തിന് യോഗ്യനാണോ എന്നാണ് പത്രത്തിന്‍റെ ചോദ്യം. കോൺഗ്രസിന്റേതടക്കം ഒട്ടനവധി പാർട്ടികളുടെ ഇടനാഴികളിൽ അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറിൽ ചേക്കേറി, അതുവഴി ഗവർണർ പദവിയിലമർന്നിരിക്കുന്നത്.
കേരളം പോലെ രാഷ്ട്രീയ‑ജനാധിപത്യ‑മതേതര മാന്യതകളെല്ലാം പുലർത്തുന്ന സംസ്ഥാനത്തിന്റെ ഗവർണർ പദവിയിലേക്ക് ആരിഫിനെ ആർഎസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ് എന്നും മുഖപ്രസംഗത്തിൽ പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭൂരിപക്ഷ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളുകവഴി ആളാകുക എന്ന ആഗ്രഹം മാത്രമല്ല ആരിഫ് സാധിച്ചതെന്ന് പിന്നീട് ബി.ജെ.പി നേതൃത്വങ്ങളുടെ പ്രതികരണത്തോടെ വ്യക്തമായി.
കേരളത്തിന്റ സിഎഎ വിരുദ്ധ നീക്കത്തിനെതിരെയും ആര്‍എസ്എസ് ദാസ്യപ്പണിയുടെ ഭാഗമായി ആരിഫ് മുഹമ്മദ്ഖാന്‍ രംഗത്തിറങ്ങിയിരുന്നു. കാര്‍ഷിക രംഗത്ത് ഇന്നുണ്ടായിട്ടുള്ള ആശങ്കകളും പ്രശ്നങ്ങളും ചര്‍ച്ചചെയ്യേണ്ടതും ബദല്‍ കണ്ടെത്തേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെയും നിയമനിര്‍മ്മാണ സഭയുടെയും ബാധ്യതയാണ്. സര്‍ക്കാരിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ നല്‍കിയ അധികാരംകൂടിയാണത്. അതിനെ തടയാമെന്ന സംഘപരിവാര്‍ രാഷ്ട്രീയ ചിന്താഗതിയോടെ ഒരാള്‍ ഗവര്‍ണര്‍ പദവിയില്‍ കഴിയുന്നത് ഭരണഘടനാവിരുദ്ധം തന്നെയാണെന്നും എഡിറ്റോറിയിൽ പറഞ്ഞു.
ഈമാസം 31ന് പ്രത്യേക നിയമസഭാസമ്മേളനം ചേരാനും കാർഷിക വിഷയം ചർച്ചചെയ്യാനുമാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ശുപാർശ ഗവർണർക്ക് കൈമാറിയിരിക്കുന്നു. പതിവ് പല്ലവിയാണ് ഇനിയുമെങ്കിൽ ഗവർണർ പദവിയിൽ നിന്ന് ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യംനേരും എന്നും പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.