കല്പറ്റ: രാഷ്ട്രീയ ജനാധിപത്യസഭ നേതാവ് സി.കെ. ജാനുവിെൻറ എൻ.ഡി.എ മുന്നണിപ്രവേശനത്തിൽ എതിർപ്പുമായി ബി.ജെ.പി ജില്ല ഘടകം. ജാനു എന്‍.ഡി.എയിലേക്ക് വന്നത് പത്രമാധ്യമങ്ങളിലൂടെയാണ് ജില്ല ഘടകം അറിഞ്ഞതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ പറഞ്ഞു. ഔദ്യോഗികമായി തങ്ങളെ ആരും ജാനുവിെൻറ മുന്നണിപ്രവേശനം അറിയിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണിക്കൊപ്പംനിന്ന ജാനു മുന്നണിമര്യാദ പാലിക്കാതെയാണ് പുറത്തുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ സംവരണ മണ്ഡലങ്ങളിലൊന്നിൽ ജാനു എൻ.ഡി.എ സ്ഥാനാർഥിയാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. മുന്നണിമര്യാദകൾ പാലിക്കാതെ പുറത്തുപോയ ജാനുവിനെ സ്ഥാനാർഥിയാക്കരുതെന്നും ജില്ല ഘടകം ആവശ്യപ്പെട്ടു. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികൾതന്നെ മത്സരിക്കണമെന്നാണ് ബി.ജെ.പിയുടെ പൊതുവികാരം.
വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നവേളയില് ജാനു വീണ്ടും മുന്നണിയിലേക്ക് വരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് ജില്ല നേതൃത്വത്തിെൻറ വിലയിരുത്തൽ. ജാനു മുന്നണി വിട്ടത് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടാണെന്നും ഈ വിഷയത്തില്‍ മറുപടിപറയേണ്ടത് ജാനു തന്നെയാണെന്നും സജി ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എൻ.ഡി.എ പ്രവേശനത്തിൽ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വമാണെന്ന് ജാനു പ്രതികരിച്ചു. അവരുമായാണ് ചർച്ച നടത്തിയത്.
അതുകൊണ്ടുതന്നെ ബി.ജെ.പി ജില്ല ഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അവരുടെ സംസ്ഥാന നേതൃത്വമാണ്. തന്നെ ഇങ്ങോട്ടുവന്നുകണ്ട് ചര്‍ച്ച നടത്തിയാണ് സംസ്ഥാനനേതൃത്വം മുന്നണിയിലേക്ക് ക്ഷണിച്ചത്. അതുകൊണ്ടാണ് പാര്‍ട്ടി മുന്നണിയിലേക്ക് പോയതെന്നും ജാനു പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നയിച്ച വിജയ യാത്രയുടെ സമാപന വേദിയിൽവെച്ചാണ് ജാനു എൻ.ഡി.എയിലേക്ക് തിരിച്ചെത്തിയതായി പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ മുന്നണിയിൽ മത്സരിച്ചിരുന്ന ജാനു 27,920 വോട്ടുകൾ നേടിയിരുന്നു. ബി.ജെ.പിക്ക് ജില്ലയിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് ബത്തേരി. ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയപാർട്ടിക്ക് സംസ്ഥാനത്ത് ആറു വരെ സീറ്റുകൾ എൻ.ഡി.എ നൽകിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.