സ്വർണക്കടത്ത് സംഘത്തിന്‍റെ കസ്റ്റഡിയിലല്ലെന്ന് ജസീൽ; പിതാവുമായി ഫോണിൽ സംസാരിച്ചു

കണ്ണൂർ: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉൾപ്പെട്ട സ്വർണക്കടത്തിലെ ഇടനിലക്കാരനും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുമായ ജസീൽ കുടുംബാഗങ്ങളുമായി ഫോണിൽ സംസാരിച്ചു. ദുബൈയിൽ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലല്ലെന്നും സുഖമായിരിക്കുന്നുവെന്നും ജസീൽ അറിയിച്ചതായി പിതാവ് അബ്ദുൽ ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

ജസീലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ നൽകിയ പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ജലീൽ വ്യക്തമാക്കി. കഴിഞ്ഞ മെയിലാണ് ജസീൽ അവസാനമായി കുടുംബാംഗങ്ങളെ വിളിച്ചിരുന്നത്.

കൊല്ലപ്പെട്ട ഇര്‍ഷാദ് ഉൾപ്പെട്ട സ്വർണക്കടത്തിലെ ഇടനിലക്കാരനായ ജസീൽ ദുബൈയിൽ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലാണെന്ന് വാർത്തകൾ വന്നിരുന്നു. ഇ‍‍ര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് 916 നാസർ എന്ന സ്വാലിഹിന്‍റെ സംഘമാണെന്നും പ്രചരിച്ചു. കൂടാതെ, ജസീലിന് ക്രൂര മര്‍ദനമേറ്റതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതേതുടർന്നാണ് മകൻ സ്വർണക്കടത്ത് സംഘത്തിന്‍റെ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയത്.

കൊല്ലപ്പെട്ട ഇ‍ര്‍ഷാദിനെ സ്വർണ കടത്തിന് വേണ്ടി സ്വാലിഹിന്‍റെ സംഘവുമായി പരിചയപ്പെടുത്തിയത് ഇടനിലക്കാരൻ ജസീലായിരുന്നു. എന്നാൽ, നാട്ടിലെത്തിയ ഇര്‍ഷാദ് സ്വ‍‍‍ര്‍ണം മറ്റൊരു സംഘത്തിന് കൈമാറി. സ്വർണം നഷ്ടപ്പെട്ടതോടെ സ്വാലിഹിന്‍റെ സംഘം ജസീലിനെ തടങ്കലിലാക്കുകയായിരുന്നു. ഇതേതുടർന്നാണ് സ്വാലിഹ് നാട്ടിലെത്തിയതും ഇർഷാദിനെ തട്ടിക്കൊണ്ടു പോയതുമെന്നാണ് പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടൽത്തീരത്ത് നിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചത്.

Tags:    
News Summary - Jaseel is not in the custody of the gold smuggling group; Talked to father on the phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.