കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ മുസ്ലിം ലീഗ് എം.എൽ.എ എം.സി. ഖമറുദ്ദീനെതിരെ രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാസർകോട്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതോടെ ഖമറുദ്ദീനെതിരായ വഞ്ചന കേസുകളുടെ എണ്ണം 111 ആയി.
തൃക്കരിപ്പൂർ സ്വദേശികളിൽനിന്ന് 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങിയശേഷം തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളിൽ പ്രതിയാണ്.
പൂക്കോയ തങ്ങൾ മാത്രം പ്രതിയായ രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചന്തേര സ്റ്റേഷനിലാണ് കേസ്. മൂന്നുപേരിൽനിന്നായി 19 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. 115 കേസുകളാണ് ഇതോടെ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.
അതേസമയം കേസിൽ അറസ്റ്റിലായ ഖമറുദ്ദീനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഖമറുദ്ദീൻ ചെയർമാനും മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രവർത്തക സമിതി അംഗമായ ചന്തേരയിലെ പൂേക്കായ തങ്ങൾ മാനേജിങ് ഡയറക്ടറുമായി 2003ൽ ഫാഷൻ ഗോൾഡ് ജ്വല്ലറി കമ്പനിയായി രജിസ്റ്റർ ചെയ്തത്. പിന്നീട് വിവിധ ഇടങ്ങളിൽനിന്നായി 749 പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു. 2019 നവംബറിൽ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ശാഖകളും പൂട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.