തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം തങ്ങളുടെ നിലപാട് ചർച്ച ചെയ്ത് അറിയിക്കാമെന്ന് സി.പി.െഎ. ഇക്കാര്യം സംസ്ഥാന നേതൃത്വം സി.പി.എമ്മിനെ അറിയിച്ചു. അതേസമയം യു.ഡി.എഫിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുന്നതിന് സഹായകമായ രീതിയിൽ ജോസ് വിഭാഗത്തിന് വാതിൽ തുറന്നുവെക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് സി.പി.എം.
ഇതിെൻറ ഭാഗമായി സെപ്റ്റംബർ 18ന് ചേരുന്ന എൽ.ഡി.എഫ് സംസ്ഥാന സമിതിയിൽ കേരള കോൺഗ്രസ് വിഷയം അവതരിപ്പിക്കാൻ സി.പി.എം ഒരുങ്ങുകയാണ്. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കേരള കോൺഗ്രസ് വിഷയം പരിഗണനയിൽ വന്നു. കേരള കോൺഗ്രസ് വിഷയം പരിഗണിക്കണമെന്ന് പറഞ്ഞ കോടിയേരി, ജോസ് വിഭാഗത്തിന് അനുകൂല നിലപാടാണെന്നാണ് മനസ്സിലാവുന്നതെന്ന് സൂചിപ്പിച്ചു.
സി.പി.െഎ ഇൗ വിഷയത്തിൽ നേരത്തെ തന്നെ നിലപാട് എടുത്തുവെന്ന് പറഞ്ഞ കാനം, അതിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പുതിയ തീരുമാനം എടുക്കാൻ സംസ്ഥാന നിർവാഹകസമിതി ചേരണം. അത് സെപ്റ്റംബർ 20ന് ശേഷമേ ചേരൂ. ആദ്യം ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കെട്ട, ശേഷം തങ്ങൾ കമ്മിറ്റി ചേർന്ന് ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നും സി.പി.െഎ സെക്രട്ടറി പറഞ്ഞു. ജോസ് വിഭാഗത്തെ ഒപ്പം കൂേട്ടണ്ടതിെൻറ ആവശ്യം എടുത്തുപറഞ്ഞ കോടിയേരി, യു.ഡി.എഫിലെ ഭിന്നിപ്പ് മുതലെടുക്കുകയാണ് വേണ്ടതെന്നും അതിൽ കേരള കോൺഗ്രസ് പ്രധാന ഘടകമാണെന്നും വിശദീകരിച്ചു.
ജോസ് വിഭാഗത്തോടുള്ള എതിർപ്പ് മുമ്പ് പരസ്യമാക്കിയ സി.പി.െഎ തങ്ങളുടെ കടുംപിടുത്തം തുടർന്നില്ലെന്ന ആശ്വാസമാണ് സി.പി.എമ്മിന്. കേരള കോൺഗ്രസിലെ സംഭവവികാസങ്ങൾ ചർച്ചചെയ്ത കഴിഞ്ഞ സെക്രേട്ടറിയറ്റ് യോഗം ജോസ് വിഭാഗത്തോട് അനുകൂലമായി പ്രതികരിക്കണമെന്ന നിലപാടിലായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം ജോസിന് അനുകൂലമായതുകൂടി കണക്കിലെടുത്താണ് ഇത്. തുടർനീക്കങ്ങളുടെ ഭാഗമായി എൽ.ഡി.എഫിൽ വിഷയം അവതരിപ്പിക്കും. അടുത്ത എൽ.ഡി.എഫ് യോഗത്തിൽ വിഷയം പരിഗണിച്ചാൽ ഘടകകക്ഷികൾ ആഭ്യന്തര ചർച്ച നടത്തി തീരുമാനം അറിയിക്കുകയാണ് അടുത്ത നടപടിക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.