പാലാ: പാലാ നഗരസഭ അധ്യക്ഷയായി എൽ.ഡി.എഫ് സ്വതന്ത്ര അംഗം ജോസിൻ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ 17 വോട്ടിനാണ് ജോസിൻ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി പ്രിൻസ് വി.സിയായിരുന്നു എതിർ സ്ഥാനാർഥി.
തെരഞ്ഞെടുപ്പിൽ 25 പേർ വോട്ട് ചെയ്തു. പ്രതിപക്ഷത്തെ ഒരു അംഗത്തിന്‍റെ വോട്ട് അസാധുവായി. ഒരു വർഷത്തേക്കാണ് ജോസിൻ ബിനോ നഗരസഭ അധ്യക്ഷയാകുക. തുടർന്ന് രണ്ട് വർഷം കേരളാ കോൺഗ്രസ് എം പ്രതിനിധി അധ്യക്ഷ പദവിയിലെത്തും. ബിനു പുളിക്കക്കണ്ടം അടക്കം ആറു കൗൺസിലർമാരാണ് നഗരസഭയിൽ സി.പി.എമ്മിനുള്ളത്. ഇതിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാർഥിയാണ് ബിനു.
കേരള കോൺഗ്രസ് എമ്മിന്‍റെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കിയാണ് സി.പി.എം പാലാ നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് ജോസിൻ ബിനോയെ തീരുമാനിച്ചത്. സി.പി.എം ചിഹ്നത്തിൽ വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോസിനെ അധ്യക്ഷയാക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചത്.
സി.പി.എം ചെയര്മാന് സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തെയാണ് ആദ്യം സി.പി.എം പരിഗണിച്ചത്. എന്നാൽ, കേരള കോണ്‍ഗ്രസ് നേതൃത്വം ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ ആശയക്കുഴപ്പം രൂപപ്പെട്ടു. നഗരസഭ ഹാളിൽവെച്ച് കേരളാ കോൺഗ്രസ് എം അംഗം ബൈജു കൊല്ലംപറമ്പിലിനെ ബിനു പുളിക്കക്കണ്ടം മർദിച്ചതാണ് എതിർപ്പിന് കാരണം.
തങ്ങളുടെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ആരുടെയും ശിപാർശ വേണ്ടെന്ന് സി.പി.എം വ്യക്തമാക്കിയതോടെ ഇത് ഇരുപാർട്ടികൾക്കുമിടയിലുള്ള തർക്കമായി രൂപപ്പെട്ടു. ഇതിനിടെ സി.പി.എമ്മിലും തർക്കങ്ങൾ ഉടലെടുത്തു. ബുധനാഴ്ച വൈകീട്ട് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനായിരുന്ന ആദ്യ തീരുമാനം. എന്നാല്‍, തര്‍ക്കത്തില്‍ പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടന്ന യോഗത്തിനൊടുവിൽ ജോസിൻ ബിനുവിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
പാലാ നഗരസഭ അധ്യക്ഷ സ്ഥാനാർഥി സംബന്ധിച്ച് അന്തർ നാടകങ്ങൾ ഉണ്ടായെന്ന് ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലർക്ക് രണ്ട് മുഖമാണ്. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുത്. പാർട്ടി ചട്ടക്കൂടിൽ നിന്ന് മുന്നോട്ട് പോകും. പോരാട്ടത്തിന്‍റെ ദിവസങ്ങളാണ് കടന്നു പോകുന്നത്. വോട്ടെടുപ്പിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.