കോഴിക്കോട്: മലപ്പുറം ജില്ലയിൽ വിദ്യാർഥികൾക്ക് ആവശ്യത്തിന് പ്ലസ് വൺ സീറ്റുകൾ ഇല്ലാത്ത വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കഠ്ജു. മലപ്പുറത്തെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് കഠ്ജു കത്തെഴുതി. പരിഹരിക്കാനാവില്ലെങ്കിൽ രാജിവെക്കണം. കത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ സർക്കാറിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന നടപടികളിലേക്ക് താൻ നീങ്ങുമെന്നും ജസ്റ്റിസ് കഠ്ജു മുന്നറിയിപ്പ് നൽകി.
അടുത്തിടെ മലപ്പുറത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പത്താം ക്ലാസ് പാസ്സായ കുട്ടികൾ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധി താൻ മനസിലാക്കിയതെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കഠ്ജു പറഞ്ഞു. വിദ്യാർഥികൾ വളരെ മിടുക്കരാണ്. 90 ശതമാനത്തിലേറെ മാർക്ക് വാങ്ങിയവരാണ് പലരും. പ്ലസ് വണ്ണിന് കമ്പ്യൂട്ടർ, ബയോളജി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങൾ പഠിക്കാനും എൻജിനീയർമാരും ഡോക്ടർമാരും ശാസ്ത്രജ്ഞരും ഐ.ടി വിദഗ്ധരുമാകാനുമാണ് അവർക്ക് താൽപര്യം. എന്നാൽ, ഈ വിഷയങ്ങൾക്ക് സീറ്റുകൾ വളരെ കുറവായതിനാൽ അവരുടെ മുന്നിൽ വാതിലുകൾ അടഞ്ഞിരിക്കുകയാണ്. അവരുടെ ഭാവി പ്രതീക്ഷകളും ഇരുളടഞ്ഞു.
മലപ്പുറത്തെ സീറ്റ് പ്രശ്നം പരിഹരിക്കാൻ സർക്കാറിനോട് നിരന്തരം ആവശ്യമുയർന്നിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നാണ് അറിഞ്ഞത്. ഇത് വലിയൊരു കുറ്റകൃത്യമായാണ് ഞാൻ കാണുന്നത്. ഈ കുട്ടികളുടെ ജീവിതമാണ് നിങ്ങൾ തകർക്കുന്നത്. താങ്കളും സർക്കാറുമാണ് ഇതിന് നേരിട്ട് ഉത്തരവാദികൾ. വളരെയേറെ പറയുകയും തീരെ കുറവ് പ്രവർത്തിക്കുകയുമാണ് നിങ്ങൾ. മലപ്പുറത്തെ പരിപാടിയിൽ എനിക്കൊപ്പമുണ്ടായിരുന്ന നിയമസഭ സ്പീക്കർ ഷംസീറിനോടും മുസ്ലിം ലീഗ് എം.എൽ.എയോടും ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു.
എത്രയും വേഗം ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ രാജിവെച്ച് പുറത്തുപോകണം. ഈ കത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ സർക്കാറിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടികളിലേക്ക് ഞാൻ കടക്കും -മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ജസ്റ്റിസ് കഠ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.