തിരുവനന്തപുരം: മന്ത്രിയായി കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് സ്ഥാനമൊഴിഞ്ഞ മന്ത്രി മാത്യു ടി. തോമസ് നേരത്തേയെത്തി, രാജ്ഭവനിൽ സത്യപ്രതിജ്ഞ നടക്കുന്ന ഹാളിൽ മുൻനിരയിൽ സീറ്റുറപ്പിച്ചു. പിന്നീടാണ് മന്ത്രിസഭാംഗങ്ങൾ എത്തിയത്. കൃഷ്ണൻ കുട്ടി മാത്യു ടി. തോമസിനെ കണ്ട് പുഞ്ചിരിേയാടെ കൈകൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഹാളിലെത്തി കൃഷ്ണൻ കുട്ടിക്ക് ഹസ്തദാനം നടത്തി. 4.58ന് ഗവർണർ ഹാളിലെത്തി. സത്യപ്രതിജ്ഞ ചെയ്യാൻ കൃഷ്ണൻ കുട്ടിയെ ക്ഷണിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണറുടെ അനുമതി തേടി.
ഗവർണറുടെ അനുമതിയെ തുടർന്ന് കൃഷ്ണൻ കുട്ടി വേദിയിലേക്ക്. ഹാളിൽ ഇരിപ്പിടം ലഭിക്കാത്ത പ്രവർത്തകർ പുറത്ത് ഹർഷാരവം മുഴക്കി. മലയാളത്തിൽ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഗവർണറും മുഖ്യമന്ത്രിയും പുതിയ മന്ത്രിയെ അനുമോദിച്ചു. മൂന്ന് മിനിറ്റിൽ ചടങ്ങ് അവസാനിപ്പിച്ച് ഗവർണർ ഹാൾ വിട്ടതിന് പിന്നാലെ മന്ത്രിമാരും പാർട്ടി നേതാക്കളും കൃഷ്ണൻ കുട്ടിയെ അനുമോദിച്ചു. ശേഷം ഗവർണറുടെ ചായ സൽക്കാരം.
അതുകഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രിയെ പ്രവർത്തകർ വളഞ്ഞു. അവർക്കൊപ്പം നടന്നുനീങ്ങുന്നതിനിടെ മന്ത്രിയുടെ അടുത്ത് കേരള സ്റ്റേറ്റ് മൂന്നാം നമ്പർ കാർ വന്നുനിന്നു. പ്രവർത്തകരുടെ അഭിവാദ്യവും സ്വീകരിച്ച് മന്ത്രി കൃഷ്ണൻ കുട്ടി സെക്രേട്ടറിയറ്റിലെ ഒാഫിസിലേക്ക്. കൃഷ്ണൻ കുട്ടിയുടെ ഭാര്യ വിലാസിനി, മക്കളായ നാരായണൻ കുട്ടി, അജയൻ, വ്യവസായ വകുപ്പ് ഡയറക്ടർ കൂടിയായ കെ. ബിജു, ലത, മരുമക്കളായ ബാലസായി, ഷാറ, ദിവ്യ, അമൃത, ആറ് കൊച്ചുമക്കൾ എന്നിവരും ചടങ്ങിന് സാക്ഷികളാകാനെത്തി.
സൗഹൃദം പങ്കിട്ട് കൃഷ്ണൻകുട്ടി
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ 13ാം സമ്മേളനത്തിന് തുടക്കമായപ്പോൾ താരമായത് കെ. കൃഷ്ണൻകുട്ടി. മന്ത്രിയായുള്ള സത്യപ്രതിജ്ഞ വൈകീട്ടായിരുന്നെങ്കിലും അതിനുമുമ്പ് തന്നെ എല്ലാ അംഗങ്ങളുമായും സൗഹൃദം പങ്കുവെക്കാനുള്ള തിരക്കിലായിരുന്നു അദ്ദേഹം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാവരെയും നേരിട്ടുതന്നെ ക്ഷണിച്ചു.
രാവിലെ ഒമ്പതിന് സഭ ആരംഭിക്കുംമുമ്പുതന്നെ അദ്ദേഹം ഭരണപക്ഷ അംഗങ്ങൾക്ക് സമീപത്തെത്തി കുശലം പറഞ്ഞു. ഇതിനിടയിലെത്തിയ, കഴിഞ്ഞദിവസം രാജി സമർപ്പിച്ച മുൻമന്ത്രി മാത്യു ടി. തോമസ് ഒന്നാംനിരയിലെ പഴയ ഇരിപ്പിടത്തിൽനിന്ന് മന്ത്രി എം.എം. മണിക്കും എസ്. ശർമക്കും സമീപം രണ്ടാംനിരയിലെ സീറ്റിേലക്ക് സ്ഥാനംമാറി.
പിന്നീട് പ്രതിപക്ഷാംഗങ്ങൾ എത്തിയതോടെ കൃഷ്ണൻകുട്ടി അവരുടെ അടുത്തെത്തി സൗഹൃദം പങ്കുെവച്ചു. നിയമസഭയിലെ ജലവിഭവമന്ത്രിയുടെ ഒാഫിസിലെ ബോർഡിൽ മന്ത്രിയുടെ പേരുണ്ടായിരുന്നില്ല. ഇതുവരെ മാത്യു ടി. തോമസിെൻറ പേരാണ് ഉണ്ടായിരുന്നത്. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ വൈകീട്ടായതിനാൽ ചൊവ്വാഴ്ച രാവിലെ ആ പേരും എഴുതിയിരുന്നില്ല. അതേസമയം, സി.പി.എം അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പി.കെ. ശശിക്ക് സഭയിൽ സ്ഥാനചലനമൊന്നും സംഭവിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.