കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെയും ദുര്ബലമാക്കിയാൽ മാത്രമേ ഇൻഡ്യ മുന്നണിക്ക് തിരിച്ചുവരാനാകൂവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന് എം.പി. ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് 139ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന ശക്തികള്‍ക്ക് ഒന്നിനെയും കൂസലില്ല. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍പോലും ഇത്രയധികം എം.പിമാര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ ഇൻഡ്യ മുന്നണിയിലെ ചില കക്ഷികള്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം കൂടിയാലോചിച്ച് തീരുമാനിക്കും. വിഷയത്തില്‍ ബി.ജെ.പി ഒരുക്കുന്ന ചതിക്കുഴിയില്‍ ചാടാതെ അതിനെ മറികടന്ന് അവരുടെ കപട നാടകം തുറന്നുകാട്ടണം. കോണ്‍ഗ്രസില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിച്ച് അവരുടെ വികാരം മാനിച്ച് പാര്‍ട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത്, എൻ.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്, യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, യു.വി. ദിനേശ് മണി, കെ.പി. ബാബു, കെ. രാമചന്ദ്രന്, ഗൗരി പുതിയോത്ത്, പി.എം. അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.