തിരുവനന്തപുരം: സംസ്ഥാനത്തെ കേബിൾ ടി.വി ഓപറേറ്റർമാരെ കൂടി ഉൾപ്പെടുത്തി ഇന്റർനെറ്റ് സേവനം താഴേത്തട്ടിലേക്കെത്തിക്കാൻ കെ-ഫോൺ തീരുമാനം. സംസ്ഥാനത്താകെ 6000ത്തോളം കേബിൾ ടി.വി ഓപറേറ്റർമാരാണുള്ളത്. താരിഫ് അടിസ്ഥാനത്തിനുള്ള ഇന്റർനെറ്റ് കണക്ഷൻ ഇവർ മുഖേന നൽകുന്നതോടെ, ഗ്രാമീണ മേഖലയിലേക്കടക്കം കൂടുതൽ വേഗത്തിൽ ഇന്റർനെറ്റ് എത്തുമെന്നാണ് കെ-ഫോണിന്റെ വിലയിരുത്തൽ. ഇതിനുള്ള കമീഷൻ വ്യവസ്ഥകൾ ഉടൻ നിശ്ചയിക്കും. കരാർ, ടെൻഡർ നടപടികളും ഉടൻ ആരംഭിക്കാനാണ് തീരുമാനം. നിലവിലെ സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളുടെ തന്ത്രം കെ-ഫോണും പയറ്റുന്നതോടെ വലിയ മത്സരമാകും മേഖലയിലുണ്ടാകുക. ഉപഭോക്താക്കളിൽനിന്ന് വാങ്ങുന്ന തുകയുടെ 50 ശതമാനം കേബിൾ ടി.വി ഓപറേറ്റർമാർക്ക് നൽകിയാലും പരമാവധി വേഗത്തിൽ സാന്നിധ്യം വർധിപ്പിക്കാമെന്നാണ് കെ-ഫോൺ അധികൃതർ കരുതുന്നത്.
75 ലക്ഷം കുടുംബങ്ങളിൽ 10 ലക്ഷത്തോളം കുടുംബങ്ങളിലാണ് സ്വകാര്യ സേവനദാതാക്കളുടെയോ ബി.എസ്.എൻ.എല്ലിന്റെയോ ഇൻറർനെറ്റ് കണക്ഷനുള്ളത്. ശേഷിക്കുന്ന കുടുംബങ്ങളെയാണ് കെ-ഫോൺ കുറഞ്ഞ താരിഫിൽ ലക്ഷ്യമിടുന്നത്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ജൂലൈ ആദ്യം മുതൽ താരിഫ് പ്രകാരമുള്ള കണക്ഷൻ നൽകിത്തുടങ്ങാനാണ് ശ്രമം.
ആപ്പും വെബ് പോർട്ടലും ആരംഭിച്ചതോടെ, ഇന്റർനെറ്റ് ആവശ്യക്കാരുടെ എണ്ണവും വർധിച്ചെന്നാണ് അധികൃതർ പറയുന്നത്. 13,750 പേർ രണ്ടുദിവസംകൊണ്ട് ആപ് ഡൗൺലോഡ് ചെയ്ത് അപേക്ഷ സമർപ്പിച്ചു. ഇ-മെയിൽ വഴിയും അല്ലാതെയും 2000 ത്തോളം അപേക്ഷയുണ്ട്. ഇവയെല്ലാം യഥാർഥ ആവശ്യക്കാരാണോ എന്ന് ഉറപ്പുവരുത്തിയ ശേഷമാകും നടപടികൾ. നിലവിലെ സൗജന്യ കണക്ഷൻ, സർക്കാർ സ്ഥാപനങ്ങൾക്കുള്ള കണക്ഷൻ എന്നിവക്കാണ് കേരള വിഷനെ ചുമതലപ്പെടുത്തിയത്.
സ്വകാര്യ സേവനദാതാക്കൾക്ക് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വാടകക്ക് നൽകി വരുമാനമുണ്ടാക്കുന്നതിനുള്ള ‘ലീസ് ടു ലൈൻ’ നടപടികളും സമാന്തരമായി പുരോഗമിക്കുന്നു. നിലവിൽ 48 ഫൈബറുകളാണ് കേബിൾ ലൈനുകളിലുള്ളത്. കെ-ഫോണിനും കെ.എസ്.ഇ.ബിക്കുമായി 20 മുതൽ 22 ഫൈബർ ലൈനുകളാണ് വേണ്ടിവരുക. ശേഷിക്കുന്ന 26 ലൈനുകളാണ് സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾക്കായി വാടകക്ക് വെക്കുന്നത്.
30,000 കിലോമീറ്റർ ശൃംഖലയാണ് സംസ്ഥാനത്താകെ സജ്ജമാക്കുന്നത്. ഒരു കിലോമീറ്റർ നെറ്റ്വർക്കിന് 20,000 രൂപ വാടക നിശ്ചയിച്ചാലും വലിയ തുക വരുമാനമായി ലഭിക്കുമെന്നാണ് കെ-ഫോൺ കണക്കാക്കുന്നത്. കെ-ഫോണിനുകീഴിൽ പണം ഈടാക്കിയുള്ള പൊതുവിടങ്ങളിലെ വൈഫൈ ഹോട്സ്പോട്ടുകളാണ് മറ്റൊരു പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.