തിരുവനന്തപുരം: പ്രധാന പങ്കാളിയായ കെ.എസ്.ഇ.ബിയുടെ അതൃപ്തിയും ആശങ്കയും മറികടന്നാണ് ചൈനയിൽനിന്ന് കേബിൾ വാങ്ങിയതെന്നത് കെ-ഫോൺ ഇടപാടുകളിലെ ദുരൂഹത വർധിപ്പിക്കുന്നു. കെ-ഫോണ്‍ പദ്ധതിയുടെ സുപ്രധാന ഘടകമാണ് ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറുകള്‍ (ഒ.പി.ജി.ഡബ്ല്യു). ഇവ ഇന്ത്യന്‍ നിര്മിതമായിരിക്കണമെന്നും കേബിളുകള്‍ ഇന്ത്യയില്‍ തന്നെ പരിശോധിക്കാനുള്ള സൗകര്യമുണ്ടായിരിക്കണമെന്നുമാണ് വ്യവസ്ഥ. മാത്രമല്ല, അഞ്ചുവര്‍ഷത്തിനുള്ളില്‍ മിനിമം 250 കിലോമീറ്ററെങ്കിലും കേബിള്‍ നിര്‍മിച്ച സ്ഥാപനവുമായിരിക്കണം. ഇക്കാര്യങ്ങൾ ലംഘിക്കപ്പെട്ടതാണ് കെ.എസ്.ഇ.ബിയുടെ വിയോജിപ്പിന് കാരണം.
കേബിളുകൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്നും ചൈനീസ് കേബിളിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉന്നയിച്ച ആശങ്കകൾ കൺസോർട്യം അവഗണിച്ചെന്നുമാണ് കെ.എസ്.ഇ.ബിയുടെ പരാതി. ഒ.പി.ജി.ഡബ്ല്യു കേബിളിന്റെ 58 ശതമാനവും ഇന്ത്യയുടേതാണെന്നും അതിനാൽ കേബിളിനെ ചൈനീസ് എന്ന് മുദ്രകുത്താനാകില്ലെന്നുമുള്ള കമ്പനിയുടെ അവകാശവാദം അനുസരിച്ച് കൺസോർട്യം മുന്നോട്ടുപോകുകയായിരുന്നു.
കെ.എസ്.ഇ.ബി റിപ്പോർട്ട് നൽകിയിട്ടും ഇവയൊന്നും പരിശോധിക്കാൻ കൺസോർട്യം തയാറായില്ല. ആറ് മടങ്ങ് അധികമായിരുന്നു കേബിളിന്റെ വില. ഒ.പി.ജി.ഡബ്ല്യു കേബിളുകളുടെ ഏറ്റവും ചുരുങ്ങിയ കാലപരിധി 25 വർഷമാണ്. ഗുണനിലവാര പരിശോധനയായ ‘ടൈപ് ടെസ്റ്റിൽ’ സാക്ഷ്യം വഹിച്ചത് കൊണ്ടുമാത്രം കേബിളിന്റെ ആയുർദൈർഘ്യം ഉറപ്പുവരുത്താനാകില്ലെന്നാണ് കെ.എസ്.ഇ.ബി നിലപാട്. കെ-ഫോൺ പദ്ധതിയുടെ ജീവനാഡിയായാണ് ഒ.പി.ജി.ഡബ്ല്യു കേബിളുകളെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്താകെ 2600 കിലോമീറ്റർ ദൂരത്താണ് ഇവ വലിക്കാൻ നിശ്ചയിച്ചിരുന്നത്. നിലവിൽ 2519 കിലോമീറ്റർ ദൂരത്തിൽ കേബിളുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കൺസോർട്യം പങ്കാളിയായ കെ.എസ്.ഇ.ബിയുടെ വിമർശനങ്ങൾ പ്രസക്തമാകുന്നത്.
ചൈനീസ് കേബിളുകൾക്കുപുറമെ, എസ്.ആർ.ഐ.ടിക്ക് അനുകൂലമായി ടെൻഡർ വ്യവസ്ഥകളിൽ കെ-ഫോൺ മാറ്റം വരുത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഹാർഡ് വെയർ -സോഫ്റ്റ് വെയർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സര്‍വിസ് പ്രൊവൈഡർ ആകണമെങ്കിൽ എസ്.ആർ.ഐ.ടിയുടെ സോഫ്റ്റ്വെയർ ഉപയോഗിക്കണമെന്നാണ് കെ-ഫോണിന്റെ ടെൻഡര്‍ മാനദണ്ഡം. ഇത് മൂന്നാം തവണയാണ് സർവിസ് പ്രൊവൈഡറെ കണ്ടെത്താൻ കെ-ഫോൺ ടെൻഡര്‍ വിളിക്കുന്നത്. നിലവിൽ 60,000 കണക്ഷനുള്ള സാങ്കേതിക സൗകര്യങ്ങൾ 2.5 ലക്ഷമാക്കി ഉയര്‍ത്താനാണ് കെ-ഫോൺ പുതിയ പങ്കാളിയുടെ സഹായം തേടുന്നത്. ഐ.ടി സെക്രട്ടറിയടക്കം ഉന്നതതല സമിതി തയാറാക്കിയ മാനദണ്ഡമനുസരിച്ചാണ് ടെൻഡര്‍ വിളിച്ചത്. എ.ഐ കാമറ പദ്ധതിയിലെ എസ്.ആർ.ഐ.ടി പങ്കാളിത്തം വിവാദമായതിനു പിന്നാലെയാണ് കെ-ഫോണിലും ആരോപണമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.