തിരുവനന്തപുരം: കെ-ഫോണ്‍: സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ ചട്ടം 285 പ്രകാരം റോജി എം. ജോൺ ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. അതിനാല്‍, സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.
നടപടി ക്രമങ്ങളെല്ലാം പൂർണമായും പാലിച്ചാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 55 ശതമാനം ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിതമായിരിക്കണം എന്ന വ്യവസ്ഥ പാലിച്ചാണ് ഒപ്ടിക്കല്‍ ഗ്രൗണ്ട് വയര്‍ കേബിളുകള്‍ കരാറുകാര്‍ നല്‍കിയിട്ടുള്ളതെന്ന് ടെക്‌നിക്കല്‍ കെ-ഫോണ്‍ കമ്മിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.
കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പു ചുമതല നിർവഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബി.ഇ.എല്‍) ആണ്. ബി.ഇ.എല്‍, റെയില്‍ ടെല്‍, എസ്.ആര്‍.ഐ.ടി, എല്‍.എസ്. കേബിള്‍സ് എന്നിവയുടെ കണ്‍സോര്‍ഷ്യം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രാഥമിക സർവേ നടപടികളും വിശദമായ പ്രോജക്ട് അവലോകനങ്ങളും നടത്തി ആവശ്യമായ അനുമതി ലഭ്യമാക്കിയ ശേഷം മാത്രമാണ് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യവുമായി 2019 മാര്‍ച്ച് 8 ന് കരാര്‍ ഒപ്പിട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് ശൃംഖല ഒരുക്കുന്നതിനാണ് കരാര്‍.
അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി അടുത്ത ഘട്ടത്തില്‍ പ്രത്യേക ടെണ്ടര്‍ നടപടികളിലൂടെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തു.
സമയബന്ധിതമായി നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ രണ്ടു വര്‍ഷത്തോളം പ്രതികൂലമായി ബാധിച്ചു.
ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളും റൈറ്റ് ഓഫ് വേ ലഭിക്കുന്നതിനുള്ള കാലതാമസവും മറ്റു സാങ്കേതിക തടസ്സങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം നിർമാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായ ഇടങ്ങളില്‍ 97 ശതമാനം പൂര്‍ത്തീകരണം നടത്താനായിട്ടുണ്ട്.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ചിലവും ഒരു വര്‍ഷത്തെ പരിപാലന ചിലവായ 104 കോടി രൂപയും ഉള്‍പ്പെടെ 1,028.20 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. എന്നാല്‍ ഏഴു വര്‍ഷത്തെ നടത്തിപ്പും പരിപാലന ചിലവും കൂടി ഉള്‍പ്പെടുത്തിയാണ് ടെണ്ടര്‍ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം ഏഴ് വര്‍ഷത്തെ പരിപാലന ചിലവ് 728 കോടി രൂപ വരും. എന്നാല്‍, ബി.ഇ.എല്‍ ഇതിനായി 363 കോടി രൂപയാണ് ക്വാട്ട് ചെയ്തത്.
ഇതും ജി.എസ്.ടിയും കൂടി ഉള്‍പ്പെട്ട തുകയായ 1,628.35 കോടി രൂപക്കാണ് പദ്ധതി നടപ്പാക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിയത്. ഏഴു വര്‍ഷത്തെ പരിപാലന ചിലവിന്റെ സ്ഥാനത്ത് ഒരു വര്‍ഷത്തെ പരിപാലന ചിലവിന്റെ തുക ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പരിപാലന ചിലവിനുള്ള തുക കെ-ഫോണിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് കണ്ടെത്തേണ്ടത്. കിഫ്ബി വായ്പയും നടത്തിപ്പു വരുമാനത്തില്‍ നിന്നും തിരിച്ചടക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.