തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ കടുത്ത പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കല്ലിടലുമായി കെ-റെയിൽ. 530 കിലോമീറ്റര്‍ നിര്‍ദിഷ്ടപാതയുടെ 140 കിലോമീറ്റർ അതിരടയാള കല്ലുകള്‍ സ്ഥാപിെച്ചന്ന് കെ-റെയിൽ വിശദീകരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഇത്രയും ദൂരം കല്ലിട്ടത്. പത്തനംതിട്ട ജില്ലയിൽ വൈകാതെ തുടങ്ങും. സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായായാണ് അലൈന്‍മെൻറിന്‍റെ അതിര്‍ത്തിയില്‍ കല്ലിടുന്നത്.
കാസര്‍കോട് ജില്ലയിലാണ് കൂടുതല്‍ കല്ലിട്ടത് -38 കിലോമീറ്റര്‍ ദൂരം 1439 കല്ലുകളിട്ടു. 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമം അനുസരിച്ച് വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. അതേസമയം കല്ലിടൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പലയിടങ്ങളിലും പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ സമരക്കാരെ മാറ്റിയ ശേഷമാണ് കല്ലുനാട്ടുന്നത്. സർക്കാർ കടുത്ത നിലപാടിലേക്ക് കടന്നതോടെ പ്രാദേശിക സമരസമിതികളും ശക്തിയാർജിക്കുകയാണ്.
തിരുവനന്തപുരം
ആറ്റിപ്ര, പള്ളിക്കല്‍, നാവായിക്കുളം, കുടവൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കുന്തല്ലൂര്‍, അഴൂര്‍ വില്ലേജുകളിലായി 12 കിലോമീറ്ററില്‍ 623 കല്ലുകള്‍ സ്ഥാപിച്ചു.
കൊല്ലം
പാരിപ്പള്ളി, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, ചിറക്കര, മീനാട്, തഴുത്തല വില്ലേജുകളിലെ 14 കിലോമീറ്ററില്‍ 721 കല്ലുകളാണ് സ്ഥാപിച്ചത്.
ആലപ്പുഴ
മുളക്കുഴ വില്ലേജില്‍ 1.6 കിലോമീറ്ററിൽ 35 കല്ലുകളിട്ടു.
കോട്ടയം
മുളക്കുളം, കടുത്തുരുത്തി, നീഴൂര്‍ വില്ലേജുകളിലാണ് കല്ലിടല്‍ പുരോഗമിക്കുന്നത്. എട്ട് കിലോമീറ്ററിൽ 385 കല്ലുകള്‍ സ്ഥാപിച്ചു.
എറണാകുളം
പുത്തന്‍കുരിശ്, തിരുവാങ്കുളം, തിരുവാണിയൂര്‍, അങ്കമാലി, പാറക്കടവ്, നെടുമ്പാശേരി, ചെങ്ങമനാട്, ചൊവ്വര വില്ലേജുകളിലെ 17 കിലോമീറ്ററില്‍ 540 കല്ലുകള്‍ സ്ഥാപിച്ചു.
തൃശൂര്‍
തൃശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി, പഴഞ്ഞി വില്ലേജുകളില്‍ രണ്ടര കിലോമീറ്ററിൽ 68 കല്ലുകള്‍ സ്ഥാപിച്ചു.
മലപ്പുറം
അരിയല്ലൂര്‍ വില്ലേജില്‍ നാല് കിലോമീറ്ററില്‍ 57കല്ലുകള്‍ നാട്ടി.
കോഴിക്കോട്
കരുവന്‍തിരുത്തി, ചെറുവണ്ണൂര്‍ വില്ലേജുകളിലായി നാലര കിലോമീറ്ററിൽ 134 കല്ലുകളിട്ടു.
കണ്ണൂര്‍
12 വില്ലേജുകളിലായി 37 കിലോമീറ്ററില്‍ 1130 കല്ലുകള്‍ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, ചെറുതാഴം, മാടായി, കുഞ്ഞിമംഗലം, പള്ളിക്കുന്ന്, പയ്യന്നൂര്‍, കണ്ണൂര്‍-ഒന്ന് വില്ലേജുകളിലാണ് ഇത്രയും കല്ലിട്ടത്.
കാസര്‍കോട്
14 വില്ലേജുകളിലായി 38 കിലോമീറ്ററിൽ 1439 കല്ലുകളിട്ടു. സൗത്ത് തൃക്കരിപ്പൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍, ഉദിനൂര്‍, മണിയാട്ട്, പീലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, പേരോള്‍, കാഞ്ഞങ്ങാട്, ഹോസ്ദുര്‍ഗ്, ബല്ല, അജാനൂര്‍, ചിത്താരി, കീക്കന്‍, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട് വില്ലേജുകളിലായാണ് ഇത്രയും കല്ലിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.