കൊച്ചിയിൽ തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ 1012 പേർക്ക് പട്ടയം നൽകുമെന്ന് കെ.രാജൻ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിനോട് അനുബന്ധിച്ച് നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയിൽ 1012 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യും. തിങ്കളാഴ്ച കളമശേരി മുൻസിപ്പൽ ടൗൺഹാളിൽ രാവിലെ 11 ന് നടക്കുന്ന പട്ടയമേളയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.

ജില്ലയിലെ ഏഴ് താലൂക്കുകളിലായി 124 സാധാരണ പട്ടയങ്ങളും 288 ദേവസ്വം പട്ടയങ്ങളും 600 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും വിതരണം ചെയ്യും. കൂടാതെ 13 അപേക്ഷകർക്ക് കൈവശാവകാശ രേഖകളും കൈമാറും. കണയന്നൂർ താലൂക്കിൽ- 12, ആലുവയിൽ -13, പറവൂരിൽ -നാല്, കൊച്ചി താലൂക്കിൽ -18, മൂവാറ്റുപുഴയിൽ-16 കോതമംഗലത്ത്-30, കുന്നത്തുനാട്ടിൽ-31 എന്നിങ്ങനെ സാധാരണ പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.

പട്ടയം നൽകാൻ കഴിയാത്ത റോഡ്, തോട് ഉൾപ്പെടെയുള്ള പുറമ്പോക്കുകളിൽ കഴിയുന്നവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് കൈവശാവകാശ രേഖ നൽകുന്നത്. കണയന്നൂർ താലൂക്കിൽ ഒന്നും, കൊച്ചിയിൽ ഏഴും, കുന്നത്തുനാട്ടിൽ അഞ്ചും കൈവശാവകാശ രേഖകളാണ് നൽകുന്നത്.

സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക, വർഷങ്ങളായി ഭൂമി കൈവശം വച്ചിരുന്നവർക്ക് പട്ടയവും ക്രയ സർട്ടിഫിക്കറ്റും നൽകുക എന്നീ ലക്ഷ്യത്തോടെയാണ് പട്ടയം മേള സംഘടിപ്പിക്കുന്നത്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടക്കുന്ന മൂന്നാമത്തെ പട്ടയമേളയാണ് കളമശേരിയിൽ നടക്കുന്നത്. ആദ്യ പട്ടയമേളയിൽ 530 പട്ടയങ്ങളും രണ്ടാമത്തെ പട്ടയമേളയിൽ 2447 പട്ടയങ്ങളും ഉൾപ്പെടെ 2977 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, തോമസ് ചാഴിക്കാടൻ, അഡ്വ. ഡീൻ കുര്യാക്കോസ്, കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ, എം.എൽ.എമാരായ അനൂപ് ജേക്കബ്, ആന്റണി ജോൺ, അൻവർ സാദത്ത്, കെ. ബാബു, എൽദോസ് പി. കുന്നപ്പിള്ളിൽ, മാത്യു കുഴൽനാടൻ, കെ.ജെ മാക്സി, റോജി എം.ജോൺ, പി. വി ശ്രീനിജിൻ, ഉമ തോമസ്, കെ.എൻ ഉണ്ണികൃഷ്ണൻ, ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, കലക്ടർ എൻ.എസ്.കെ ഉമേഷ്, ഫോർട്ട് കൊച്ചി സബ് കളക്ടർ വിഷ്ണുരാജ്, അസിസ്റ്റൻ്റ് കലക്ടർ ഹർഷിൽ ആർ.മീണ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫീസർ പി. എൻ അനി, കളമശ്ശേരി മുൻസിപ്പാലിറ്റി കൗൺസിലർ ഷാജഹാൻ കാടപ്പള്ളി, ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ബി. അനിൽകുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Tags:    
News Summary - K. Rajan said that 1012 people will be awarded the Pataya Mela in Kochi on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.