എന്‍റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടി, പുറത്താക്കാനാകില്ല -കെ. ശിവദാസൻ നായർ

കോഴിക്കോട്: കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുൻ എം.എൽ.എ കെ. ശിവദാസൻ നായർ. അംഗത്വം റദ്ദാക്കാൻ സാധിച്ചേക്കും, കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ സാധിക്കില്ല. തന്‍റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണിത്. എന്നും കോൺഗ്രസുകാരനായിരിക്കും -ശിവദാസൻ നായർ പറഞ്ഞു.

അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമർശനം പാടില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയല്ലാതാകും. ഇപ്പോൾ പ്രതികരിച്ചത് ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമർശനമുയർന്നവർ അത് ഉൾക്കൊള്ളാൻ തയാറാകണമെന്നും ശിവദാസൻ നായർ പറഞ്ഞു.

വളരെ കാലാമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്‍റെ പ്രശ്‌നമാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴും പാര്‍ട്ടിവിരുദ്ധ നടപടി പരസ്യമായി എടുത്താലും അവര്‍ക്ക് ഒരു താക്കീത് പോലും കൊടുക്കാന്‍ ആരും ഉണ്ടാകുന്നില്ല. ഇതെല്ലാം ഈ പാര്‍ട്ടിയില്‍ ഉണ്ടായ പുഴുക്കുത്തുകളാണ്. സുധാകരനെ പോലുള്ള മുതിര്‍ന്ന നേതാവിന് ഇതില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡി.സി.സി പട്ടിക കണ്ടപ്പോള്‍ ആ പ്രതീക്ഷ മങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തത്.

അതേസമയം, തന്നെ സസ്പെൻഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാർ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാർ ആരോപിച്ചു. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കുമെന്നും അനിൽ കുമാർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാർട്ടിക്കകത്ത് വെച്ചുചേർക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്. ഗ്രൂപ്പിനതീതമായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കുമോ. കോൺഗ്രസിലെ പൂരം നാളെ തുടങ്ങും. കാണാനിരിക്കുന്നത് ഇപ്പോൾ പറഞ്ഞറിയിക്കുന്നില്ലെന്നും അനിൽ കുമാർ പ്രതികരിച്ചു. 

Tags:    
News Summary - k sivadasan nair responds to suspension from congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.