ആരുടെ ചിറകിനടിയിലാണ് കെ. വിദ്യയെ ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാം -കെ. സുധാകരൻ

കോഴിക്കോട്: ഗസ്റ്റ് ലക്ചററായി ജോലി ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ ഒളിവിൽ കഴിയുന്ന എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ആരുടെ ചിറകിനടിയിലാണ് ദിവ്യയെ ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാമെന്നും പൊലീസിനു പിടിക്കാന്‍ പറ്റില്ലെങ്കില്‍ അതു ജനങ്ങള്‍ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം മുഖവിലയ്‌ക്കെടുത്ത പൊലീസ്, വ്യാജരേഖ ചമച്ച് ജോലിനേടിയ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പിടികൂടുകയോ തെളിവ് കണ്ടെത്തുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി ഭരണത്തില്‍ വ്യാജരേഖ ചമയ്ക്കുന്നവരും കൃത്രിമം കാണിക്കുന്നവരും വാഴ്ത്തപ്പെട്ടവരാണെന്നും അവര്‍ ഇച്ഛിക്കുന്നത് കല്‍പ്പിച്ച് നല്‍കുകയാണ് ആഭ്യന്തര വകുപ്പെന്നും സുധാകരന്‍ പരിഹസിച്ചു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെ.എസ്.യു നേതാക്കള്‍ക്കെതിരെയും അത് വാര്‍ത്തയാക്കിയ റിപ്പോര്‍ട്ടര്‍ക്കെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പൊലീസ് നടപടി ശുദ്ധതോന്ന്യാസമാണെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ സംപൂജ്യമാക്കി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമവേട്ടയാണ്. സത്യസന്ധമായി വാര്‍ത്തനല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ല.

ബിജെപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിബിസി, മീഡിയാവണ്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുത്ത മോദിയുടെ ചേട്ടനാണിപ്പോള്‍ പിണറായി വിജയന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അമിതാധികാര പ്രയോഗത്തിലൂടെ രാജ്യത്ത്യ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം ഇരുളടഞ്ഞു. ഇഷ്ടമില്ലാത്തവരെ നിശബ്ദമാക്കുന്ന സംഘപരിവാര്‍ പതിപ്പിന്റെ കേരളമോഡലാണ് പിണറായി ഭരണം. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്ന സി.പി.എം അവരുടെ ഭരണത്തില്‍ തുടര്‍ച്ചയായി മാധ്യമവേട്ട നടത്തുന്നു. മാധ്യമങ്ങളുടെ പരിലാളനയേറ്റാണ് രണ്ടു തവണ മുഖ്യമന്ത്രിയായതെന്ന് പിണറായി മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്

പാലക്കാട്: ഒളിവിൽ കഴിയുന്ന വിദ്യയെ കണ്ടെത്താൻ അഗളി പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. കെ. വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സഹായം ആവശ്യമാണെന്നാണ് അഗളി പൊലീസ് സൈബർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് സൈബർ സെല്ലിനെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തൃക്കരിപ്പൂർ മണിയനൊാടിയിലെ വീട്ടിലെത്തിയ സംഘം ബന്ധുവിന്റെയും അയൽവാസിയുടേയും സാന്നിധ്യത്തിൽ ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

Tags:    
News Summary - K Sudhakaran against K Vidya and Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.