തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ വനം വകുപ്പും റവന്യൂ വകുപ്പും തമ്മിലടിച്ച് കാട്ടുപോത്തിന്റെ ആക്രമത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കലക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ ഈ തീരുമാനം ഉടനേ അട്ടിമറിച്ച് മയക്കുവെടിവെക്കാന്‍ തീരുമാനിച്ചത് വനം വകുപ്പാണ്. വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി 3 പേരെ കൊന്നതെന്നു പ്രചരിപ്പിക്കുകയും വനം വകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കം മറിയുകയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനം മന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്. ക്ലിഫ് ഹൗസില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെ 42.90 ലക്ഷം രൂപ മുടക്കിയ തൊഴുത്തില്‍ കന്നുകാലികള്‍ക്കു നൽകുന്നത്ര പരിഗണനയെങ്കിലും മുഖ്യമന്ത്രി നാട്ടിലെ ജനങ്ങള്‍ക്ക് നൽകണമെന്നു സുധാകരന്‍ അഭ്യർഥിച്ചു.
രണ്ടുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ടിട്ടും സംഭവസ്ഥലം സന്ദര്‍ശിക്കാനും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും വനമന്ത്രിയോ വനം വകുപ്പ് ഉദ്യോഗസ്ഥരോ തയാറാകാത്തതില്‍ ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. അവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര പ്രഖ്യാപനവും നീണ്ടുപോകുന്നു. വൈകാരികമായ അന്തരീക്ഷം ഉണ്ടായിട്ടും മുഖ്യമന്ത്രി ഉന്നതതലയോഗം പോലും വിളിച്ചില്ല. വനംമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പന്ത് കേന്ദ്രത്തിലേക്ക് നീട്ടിയടിക്കുകയാണു ചെയ്തത്. ചക്കിക്കൊത്ത ചങ്കരനെപ്പോലെ കേരളം കണ്ട ട്രാജഡിയാണ് വനം മന്ത്രിയും മുഖ്യമന്ത്രിയും.
യാഥാർഥ്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സി.പി.എം വളഞ്ഞിട്ട് ആക്രമിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതു കൊണ്ടാണ്. കണ്ണൂരില്‍ സി.പി.എം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാർഥ വസ്തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാം. ഇതു സംബന്ധിച്ച് ഒരു പരസ്യസംവാദത്തിന് സി.പി.എം തയാറാണോയെന്നും സുധാകരന്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.