കണ്ണൂർ: ധർമടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ.സുധാകരന്‍ എം.പി. 'ധർമടത്ത് മത്സരിക്കുന്ന കാര്യം എനിക്ക് സന്തോഷമുള്ളതാണ്. പക്ഷേ, ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ വിജയം കൈവരിക്കാൻ എന്‍റെ സാന്നിധ്യം അനിവാര്യമാണ്. ഈ പ്രത്യേക സാഹചര്യത്തിൽ എനിക്ക് മത്സരിക്കാൻ കഴിയാത്ത ചുറ്റുപാടുണ്ട്. അത് ഞാൻ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മത്സരരംഗത്ത് നിന്ന് മാറ്റിത്തരണമെന്ന് അപേക്ഷിച്ചിട്ടുണ്ട്'' -സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാർഥിയാകണമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടയി ആവശ്യപ്പെട്ടത്. അദ്ദേഹം മത്സരിക്കും. ഞാൻ മത്സരിക്കുന്നതിനോട് ഡി.സി.സിക്ക് യോജിപ്പില്ല -സുധാകരൻ പറഞ്ഞു.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും സുധാകരന്‍റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു. തീരുമാനമെടുക്കാൻ ഒരു മണിക്കൂർ കാത്തിരിക്കാൻ കെ. സുധാകരൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വാർത്താസമ്മേളനം വിളിച്ചുചേർത്ത് തീരുമാനം അറിയിച്ചത്. പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു എന്നുമാണ് സുധാകരന്‍റെ നിലപാട്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ് യു.ഡി.എഫ് രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചത്.
കഴിഞ്ഞ തവണ പിണറായി വിജയൻ 36,905 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിച്ചുകയറിയത്. യു.ഡി.എഫിൽ സ്ഥിരമായി കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലമാണ് ധർമടം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനാണ് യു.ഡി.എഫിൽ ഇവിടെ ജനവിധി തേടിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ 87329 വോട്ടും മമ്പറം ദിവാകരൻ 50424 വോട്ടാണ് നേടിയത്. ബി.ജെ.പി 12763 വോട്ടും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.