കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ പ്രതിയായ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ പട്ടികജാതി–വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്ന് നിയമോപദേശം തേടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. ഇൗ നിയമപ്രകാരംകൂടി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനും മഞ്ചേശ്വരത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ രണ്ടാമതൊരു പരാതികൂടി നൽകിയിരുന്നു.
ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ രണ്ടര ലക്ഷംരൂപ നൽകി പത്രിക പിൻവലിപ്പിച്ചുവെന്നുമാത്രമാണ് നിലവിൽ കേസ്. കെ. സുന്ദര പട്ടികജാതി വിഭാഗത്തിൽപെട്ട സ്ഥാനാർഥിയാണെന്നറിഞ്ഞതോടെ കേസിെൻറയും വകുപ്പിെൻറയും കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥെൻറയും തലങ്ങൾ ആകെ മാറ്റേണ്ടിവരും. ഒരു വർഷത്തെ തടവ് മാത്രം നിർദേശിക്കുന്ന കുറ്റകൃത്യത്തിൽനിന്നും അഞ്ചുവർഷത്തെ തടവിനുള്ള കുറ്റകൃത്യമായി കേസ് മാറും. ഇതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് ഉപദേശംതേടാൻ ക്രൈം ബ്രാഞ്ച് തലപ്പത്തുനിന്ന് നിർദേശം ലഭിച്ചത്. വകുപ്പുകൾ ചേർക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന് സ്വയം തീരുമാനിക്കാവുന്ന വിഷയമായിരിക്കെ ഇതിന് നിയമോപദേശം തേടിയതിൽ സി.പി.എമ്മിൽ അതൃപ്തി ശക്തമായിട്ടുണ്ട്. അന്വേഷണസംഘം കെ. സുരേന്ദ്രനോട് മൃദുസമീപനം പുലർത്തുകയാണെന്ന ആക്ഷേപമാണുയരുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി വി.വി. രമേശൻ, അഡ്വ. സി. ഷുക്കൂർ മുഖേന നൽകിയ പരാതിയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് കെ. സുരേന്ദ്രനും രണ്ട് ബി.ജെ.പി പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുത്തത്. എന്നാൽ, തെരഞ്ഞെടുപ്പ് കൈക്കൂലി കേസ് എന്ന നിലയിൽ171 (ബി) വകുപ്പു മാത്രമാണ് ചേർത്തത്. എസ്.സി–എസ്.ടി അതിക്രമ നിരോധന നിയമക്രാരമുള്ള വകുപ്പുകൾ മറച്ചുവെച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും സുപ്രധാന വകുപ്പുകൾ ചേർക്കാൻ പൊലീസ് മടികാണിക്കുന്നുവെന്നാണ് ആരോപണം. തുടർന്നാണ് രമേശൻ വീണ്ടും പരാതി നൽകിയത്.
ഇതിൽ നിയമോപദേശം തേടിയത് പ്രതിയെ രക്ഷിക്കാൻ ഐ.പി.എസ് തലത്തിൽ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് കാണുന്നത്. 'കെ. സുരേന്ദ്രനെതിരെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുത്തില്ലെങ്കിൽ പൊലീസിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പരാതിക്കാരനായ സി.പി.എം ജില്ല കമ്മിറ്റി അംഗം വി.വി. രമേശൻ പറഞ്ഞു. എസ്.സി– എസ്.ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് പരാതി നൽകിയത്. അതിന് നിയമോപദേശം തേേടണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.