തൃശൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കൊടകര ബി.ജെ.പി കള്ളപ്പണകേസിൽ ചോദ്യം ചെയ്യലിന് ഹാജരായി. തൃശൂർ പൊലീസ് ക്ലബിലാണ് സുരേന്ദ്രൻ ഹാജരായത്. വൻ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ജൂലൈ 6ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ആദ്യം ഹാജരാകില്ലെന്ന് നിലപാട് എടുത്തെങ്കിലും പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സുരേന്ദ്രൻ തന്നെ അറിയിക്കുകയായിരുന്നു.
തന്നെ ചോദ്യം ചെയ്യലിന് വിളിച്ചത് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വാദിയുടെ കോൾ രേഖകൾ പരിശോധിച്ച് ആളുകളെ ചോദ്യം ചെയ്യാൻ വിളിക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമായാണ്. രാഷ്ട്രീയ യജമാനൻമാരെ തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കളോടൊപ്പമാണ് കെ. സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് ചോദ്യം ചെയ്യൽ. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കൊണ്ട് കെ. സുരേന്ദ്രനെ അനുഗമിച്ചിരുന്നു. നേരത്തെ കേസിൽ നിരവധി ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു.
പണത്തിന്‍റെ ഉറവിടം, എന്തൊക്ക ആവശ്യത്തിനാണ് ഈ പണം ഉപയോഗിച്ചത്, ധർമരാജൻ എന്തിനാണ് കവർച്ച സമയത്ത് കെ. സുരേന്ദ്രനെയും മകനെയും വിളിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കെ.സുരേന്ദ്രനിൽ നിന്ന് അറിയേണ്ടത്. ഡിഐജി എ. അക്ബറിന്‍റെയും എസ്.പി സോജന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുക.
മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ. സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ. സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്‍റെ തെളിവുകളും പൊലീസിന്‍റെ പക്കലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.