ന്യൂഡൽഹി: തെരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ കേരളത്തിൽ പാർട്ടിയുടെ മുഖം തകർത്ത സംഭവവികാസങ്ങളിൽ പ്രധാന പ്രതിയായ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ താക്കീത്. പ്രതിസന്ധി ഘട്ടത്തിൽ പദവിയിൽനിന്ന് മാറ്റില്ലെങ്കിലും ദേശീയ നേതൃത്വത്തിെൻറ കടുത്ത അതൃപ്തി നഡ്ഡ അറിയിച്ചു.
പോരടിക്കുന്ന സംസ്ഥാന നേതാക്കൾക്കിടയിൽ ഒറ്റപ്പെട്ട് ഡൽഹിയിലെത്തിയ സുരേന്ദ്രന്, കേന്ദ്രനേതൃത്വത്തോട് തെൻറ ഭാഗം സംസാരിക്കാൻ താങ്ങായി നിന്നത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്. സംസ്ഥാന, ദേശീയ അധ്യക്ഷന്മാർ തമ്മിൽ കണ്ടപ്പോൾ പതിവുകൾ വിട്ട് മുരളീധരനും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡൻറ് ഗ്രൂപ്പുകളിയുടെ ഭാഗമാകുന്നതിലെ അതൃപ്തിയും സുരേന്ദ്രനെ അറിയിച്ചുവെന്നാണ് സൂചന.
വിവാദത്തിൽപ്പെട്ടു നിൽക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാണാൻ അവസരം ലഭിച്ചില്ല.
എന്നാൽ, അത്തമൊരു കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നില്ല എന്നാണ് സുരേന്ദ്രെൻറ വിശദീകരണം. വെള്ളിയാഴ്ച സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെ സുരേന്ദ്രൻ കാണും. ഇതിനിടെ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ മുരളീധരെൻറ വസതിയിലെത്തി ചർച്ച നടത്തി. സുരേന്ദ്രൻ അവിടെയാണ് തങ്ങുന്നത്.
സംസ്ഥാന പ്രസിഡൻറിനെ താക്കീതു ചെയ്തതിനൊപ്പം, പാർട്ടി പ്രതിരോധത്തിെൻറ വഴികളും ദേശീയ നേതൃത്വം രൂപപ്പെടുത്തി. മുട്ടിൽ മരംമുറി സംഭവത്തിലേക്ക് ശ്രദ്ധ പരമാവധി തിരിച്ചുവിടാനാണ് ഒരു നീക്കം. ഇതിെൻറ ഭാഗമായി മന്ത്രി വി. മുരളീധരൻ വെള്ളിയാഴ്ച തന്നെ അവിടെ എത്തും. മരംമുറി സംഭവത്തിൽ കേന്ദ്രസർക്കാറിെൻറ ഇടപെടലും നിശ്ചയിച്ചിട്ടുണ്ട്. മുരളീധരൻ ചെന്നു കണ്ടതിനെ തുടർന്ന് ബന്ധപ്പെട്ടവരിൽനിന്ന് വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ റിപ്പോർട്ട് തേടി. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും സുരേന്ദ്രൻ ഉണ്ടായിരുന്നില്ല.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് നഡ്ഡയുമായി ചർച്ചചെയ്തതെന്ന് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് വിശദീകരിച്ചു. പിണറായി സർക്കാറിെൻറ വിദ്വേഷ രാഷ്ട്രീയം, കള്ളക്കേസുകൾ, വ്യാജ പ്രചാരണം എന്നിവക്കെതിരെ ശക്തമായി പ്രതികരിക്കാനും ജനകീയ പോരാട്ടം നടത്താനും നിർദേശം ലഭിച്ചതായും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.