തിരുവനന്തപുരം: എസ്.എഫ്.ഐ മുന്‍ പ്രവർത്തക കെ. വിദ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് നിഷ്‌ക്രിയത്വം തുടരുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിന് തുടക്കംകുറിച്ചു. മഹാരാജാസ് കോളജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദകേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും അഗളി പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് നിഷ്ക്രിയത്വം തുടരുകയാണ്.
ജൂണ്‍ 15 വരെ കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു കെ.എസ്.യു പ്രതിഷേധിക്കും. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് സമീപം ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് അലംഭാവത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുന്നതിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പരിപാടിയിൽ കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ അനന്തകൃഷ്ണന്‍, തൗഫീഖ് രാജന്‍, ജെസ്വിന്‍ റോയ്, നെസിയ മുണ്ടപ്പള്ളി, അമൃതപ്രിയ, ഷെഫ്രിൻ എം.കെ, കെ.എസ്.യു നേതാക്കളായ അൽ അസ്വാദ്, പ്രതുൽ, അഖിൽ, സുനേജോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.