തിരുവനന്തപുരം: പിരിച്ചുവിട്ട പബ്ലിസിറ്റി ആൻഡ് റിസർച്ച് ഓഫിസറെ (പി.ആർ.ഒ) തിരിച്ചെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് രാജ്ഭവനിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന ചാൻസലറായ ഗവർണറുടെ നിർദേശം തള്ളി കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ. പി.ആർ.ഒയായിരുന്ന ആർ. ഗോപീകൃഷ്ണനെ പിരിച്ചുവിടാനുള്ള തീരുമാനം സർവകലാശാലയുടെ പരാമാധികാര സമിതിയായ ബോർഡ് ഓഫ് മാനേജ്മെന്റിന്റെതാണെന്നും ഇതിന്‍റെ പേരിൽ വ്യക്തിപരമായി ഹാജരാകാൻ കഴിയില്ലെന്നും ഗവർണർക്ക് അയച്ച കത്തിൽ വി.സി വ്യക്തമാക്കി.
ബോർഡ് യോഗത്തിൽ അധ്യക്ഷതവഹിച്ച ഒരംഗം മാത്രമാണ് വി.സി. കലാമണ്ഡലം ഡീംഡ് സർവകലാശാല നിയമാവലി പ്രകാരം വ്യക്തിപരമായി തെളിവെടുപ്പിന് നേരിട്ട് ഹാജരാകുന്നതിന് നിർബന്ധിച്ച് നിർദേശം നൽകാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ല. ബോർഡ് ഓഫ് മാനേജ്മെന്റ് തീരുമാനം നടപ്പാക്കേണ്ടത് മുഖ്യ നിർവഹണ അധികാരി എന്ന നിലയിൽ വി.സിയിൽ നിക്ഷിപ്തമായ അധികാരമാണ്. ആ തീരുമാനം നടപ്പാക്കുന്നതിന്‍റെ പേരിൽ തന്നെ വ്യക്തിപരമായി വിളിച്ചുവരുത്താൻ കഴിയില്ല. ഇതിന് പര്യാപ്തമായ നിയമവ്യവസ്ഥ ഗവർണറോ ഗവർണറുടെ സെക്രട്ടറിയോ ഇതുസംബന്ധിച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
പി.ആർ.ഒ നിയമനവുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ ഇതിനകം രാജ്ഭവന് കൈമാറിയിട്ടുണ്ട്. സർവകലാശാല നിയമപ്രകാരം സൃഷ്ടിക്കപ്പെടാത്ത തസ്തികയാണ് പി.ആർ.ഒയുടേത്. 2019 ജൂൺ ഒന്നിനാണ് സർവകലാശാല നിയമാവലി സർക്കാർ അംഗീകരിച്ച് നിലവിൽവന്നത്. സർക്കാർ അനുമതി നൽകുന്ന അധ്യാപക, അനധ്യാപക തസ്തികകളാണ് സർവകലാശാല നിയമാവലിയിൽ ചേർക്കുന്നത്. പി.ആർ.ഒ തസ്തിക സർക്കാർ സൃഷ്ടിക്കുകയോ നിലവിൽ ഒരാൾ ഈ തസ്തികയിൽ തുടരുകയോ ചെയ്യുന്നില്ല. തസ്തിക നിലവിലില്ലാത്തതിനാൽ ഗോപീകൃഷ്ണനെ സർവിസിൽ തിരിച്ചെടുക്കാനാകില്ല.
നേരത്തേ അഡ്ഹോക് അടിസ്ഥാനത്തിൽ നിയമിതനായ ഗോപീകൃഷ്ണൻ പ്രൊബേഷൻ കാലഘട്ടം തൃപ്തികരമായി പൂർത്തിയാക്കിയിട്ടില്ല. സർവകലാശാലയിൽനിന്ന് വൻ തുക അപഹരിച്ചെന്നും കണ്ടെത്തിയിരുന്നു. ഇങ്ങനെ ഒരാൾ സർവിസിൽ തുടരാൻ പാടില്ലെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗോപീകൃഷ്ണനെ പിരിച്ചുവിട്ടതെന്നും കത്തിൽ പറയുന്നു. മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ച കലാമണ്ഡലം പോലുള്ള സ്ഥാപനത്തിൽ ഇത്തരം വ്യക്തിയെ നിലനിർത്തുന്നത് സർവകലാശാലയുടെ സൽപേരിന് കളങ്കമാകും. പി.ആർ.ഒ തസ്തിക നിലവിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർവകലാശാല സർക്കാറിൽനിന്ന് വ്യക്തത തേടിയിട്ടുണ്ടെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
ഗോപീകൃഷ്ണനെ തിരിച്ചെടുക്കാനുള്ള ഗവർണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സുബീഷ് കുമാർ എന്നയാൾ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തതായും കത്തിൽ പറയുന്നു. വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ നൽകാമെന്നും എന്നാൽ സർവകലാശാല സമിതി എടുത്ത തീരുമാനത്തിന്‍റെ പേരിൽ തനിക്ക് വ്യക്തിപരമായി മറുപടി നൽകാനാകില്ലെന്നും വി.സി വ്യക്തമാക്കി.
വൈസ് ചാൻസലർ സർവകലാശാലയുടെ ഉയർന്ന അക്കാദമിക, ഭരണ നിർവഹണ അതോറിറ്റിയാണെന്നും എന്നാൽ തീരുമാനങ്ങളെടുക്കുന്ന ഉന്നതാധികാര സമിതി സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ആദരിക്കപ്പെടുന്ന വ്യക്തികൾ അടങ്ങിയ ബോർഡ് ഓഫ് മാനേജ്മെന്റ് ആണെന്നും വി.സി കത്തിൽ വ്യക്തമാക്കുന്നു. വി.സിയുടെ കത്തിൽ ഗവർണർ തുടർനടപടി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച നേരിട്ട് ഹാജരാകാനായിരുന്നു വി.സിക്കുള്ള നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.