കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷനായി ഒത്തുകൂടിയ യഹോവ സാക്ഷികൾ മുഖ്യധാര ക്രൈസ്തവ സഭകളിൽനിന്ന് അകലം പാലിക്കുന്നവരാണ്. ഇവർക്ക് കേരളത്തിൽ പതിനയ്യായിരത്തോളം അനുയായികളുണ്ടെന്നാണ് കണക്ക്.
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ത്രിയേകത്വ ദൈവത്തിൽ വിശ്വസിക്കാത്തവരാണിവർ.
1876ൽ അമേരിക്കക്കാരനായ ചാൾസ് ടെസ് റസലാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബൈബിൾ വിദ്യാർഥികൾ എന്ന പേരിൽ സ്ഥാപിച്ച പഠനസംഘടനയാണ് പിന്നീട് യഹോവ സാക്ഷികളായത്.
1905ൽ പ്രസ്ഥാനം കേരളത്തിലുമെത്തി. 1912ൽ സ്ഥാപകനായ സി.ടി. റസൽ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തെത്തി പ്രസംഗിച്ചിരുന്നു. ഈ സ്ഥലം റസൽപുരം എന്നാണ് അറിയപ്പെടുന്നത്.
വീടുകൾതോറും കയറിയിറങ്ങി ലഘുലേഖകളടക്കം വിതരണം ചെയ്തുള്ള സുവിശേഷ പ്രചാരണമാണ് ഇവരുടെ രീതി. ത്രിയേകത്വ ദൈവത്തെ നിരാകരിക്കുന്നതോടൊപ്പം ആത്മാവിന്റെ നിത്യത, നരകം തുടങ്ങിയവയെയും നിരാകരിക്കുന്നു. ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിനങ്ങളും ജന്മദിനങ്ങളും ഇവർ ആഘോഷിക്കാറില്ല.
കൂടാതെ കുരിശ്, രൂപങ്ങൾ എന്നിവയെ ആരാധിക്കുകയില്ല. പരമ്പരാഗത ബൈബിൾ ഒഴിവാക്കി ബൈബിളിന്റെ പ്രത്യേക പതിപ്പാണ് ഇവരുടെ വിശുദ്ധഗ്രന്ഥം. സൈനിക സേവനം, ദേശീയപതാക, ദേശീയഗാനം തുടങ്ങിയവ ഇവർ അംഗീകരിക്കുന്നില്ല. ഇത് പല രാജ്യങ്ങളിലും ഇവർക്കെതിരെ രാജ്യദ്രോഹമടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.