കല്ലറ ബാബു

'കൊല്ലപ്പെടുമെന്ന് പ്രതീക്ഷിച്ചാണ് സമരത്തിനു പോയത്'; പാലക്കാട് കലക്ടറെ ബന്ദിയാക്കിയ കല്ലറ ബാബു

കൊച്ചി: കൊല്ലപ്പെടും അല്ലെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്ത് ഭീകരമർദനത്തിന് ഇരയാക്കുമെന്ന് പ്രതീക്ഷിച്ചാണ് സമരത്തിൽ പങ്കെടുത്തതെന്ന് അയ്യങ്കാളിപ്പട നേതാവായിരുന്ന കല്ലറ ബാബു. കമലിന്‍റെ "പട" സിനിമ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് സമരത്തിന്‍റെ ഓർമ്മ കല്ലറ ബാബു 'മാധ്യമ'വുമായി പങ്കുവെച്ചത്. സംവിധായകൻ കമൽ ഈ സംഭവം സംബന്ധിച്ച് ദീർഘമായി സംസാരിച്ചിരുന്നു. 1996ൽ പാലക്കാട് കലക്ടറെ ബന്ധിയാക്കിയത് സംബന്ധിച്ച് തുടക്കം മുതൽ ഒടുക്കം വരെയെല്ലാം കമലിനോട് വിശദീകരിച്ചു. സിനിമക്ക് വേണ്ടി അതിൽ നിന്ന് എന്തെല്ലാം കമൽ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയില്ല. എന്നാൽ, അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെ കുറിച്ച് വളരെ പോസിറ്റീവായിട്ടാണ് അദ്ദേഹം സമീപിക്കുന്നതെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബാബു പറഞ്ഞു.

പതിനാലു വർഷത്തെ ഒളിവ് ജീവിത്തിനു ശേഷമാണ് കല്ലറ ബാബു പാലക്കാട് കോടതിയിൽ കീഴടങ്ങിയത്. പാലക്കാട് മുൻ കലക്ടർ ഡബ്ല്യൂ.ആർ. റെഡി കോടതിക്ക് മുമ്പിൽ ബാബുവിനെ തിരിച്ചറിഞ്ഞില്ല. കോടതിയിൽ നടന്ന തിരിച്ചറിയൽ പരേഡിൽ ബാബുവിനെയും വടക്കാഞ്ചേരിയിലുള്ള ഗേപിയെയുമാണ് പൊലീസ് ഹാജരാക്കിയത്. ഗോപി ജീൻസ് ധരിച്ച നല്ല വേഷത്തിലാണ് കോടതിയിലെത്തിയത്. ജഡ്ജി കലക്ടറോട് ഇതിൽ ആരാണ് കല്ലറ ബാബുവെന്ന് കലക്ടറോട് ചോദിച്ചു. കല്ലറ ബാബുവിന്‍റെ അടുത്തുനിന്ന നീല ജീൻസിട്ട ഗോപിയെയാണ് കലക്ടർ ചൂണ്ടിക്കാണിച്ചത്. ജഡ്ജി വീണ്ടും അത് ശരിയാണോയെന്ന് ചോദിച്ചു. കലക്ടർ അതെയെന്ന് മറുപടി നൽകി. അതോടെ ജഡ്ജി ചിരിച്ചു. ജീൻസിട്ട് നിന്ന ആളോട് പേരെന്താണെന്ന് ചോദിച്ചു. അയാൾ ഗോപിയെന്ന് ഉത്തരം പറഞ്ഞു. കലക്ടർക്ക് ബാബുവിനെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ബാബുവിനെ വെറുതെ വിട്ടയച്ചു. കോടതിയിൽ ഇതൊരു വിചിത്രമായ കഥയാണ്.

രാഷ്ടീയ പ്രവർത്തനം തുടങ്ങയിത് 1970കളുടെ അവസാനം

നക്സലൈറ്റ് പ്രസ്ഥാനത്തിൽ ദീർഘകാലം പ്രവർത്തിച്ചതിന്‍റെ അനുഭവമാണ് മരണം മുന്നിൽ കണ്ട് സമരത്തിലേക്ക് എടുത്തുചാടാൻ പ്രാപ്തനാക്കിയത്. 1970കളുടെ ഒടുവിൽ വൈക്കം മുതൽ കല്ലറ വരെയുള്ള അപ്പർ കുട്ടനാട് പ്രദേശത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിന് സ്വാധീനമുണ്ടായിരുന്നു. 1978-80 ലാണ് പ്രീഡിഗ്രിക്ക് പഠിക്കുന്നത്. അക്കാലത്ത് നക്സലൈറ്റ് പ്രസ്ഥാനുമായി ബന്ധപ്പെട്ട് വൈക്കത്തുകാരനായ പവിത്രൻ (അന്ന് സർക്കാർ ഉദ്യോഗസ്ഥൻ), കെ.എച്ച്. നാസർ എന്നിവരൊക്കെ കല്ലറയിൽ എത്തി ആശയ പ്രചാരണം നടത്തിയിരുന്നു. അന്ന് പാർട്ടി പ്രവർത്തനം പരസ്യമായിരുന്നില്ല. പവിത്രനെ പരീത് എന്നും നാസറിനെ വിനോദ് എന്നുമാണ് (പാർട്ടി പേര്) പരിചയപ്പെടുത്തിയത്. അവർ പറയുന്ന ആശയങ്ങൾ കർഷകത്തൊഴിലാളികളിൽ സ്വാധീനം ചെലുത്തിയിരുന്നു. കാർഷികമേഖലയിൽ കൂലിക്കൂടുതലിന് വേണ്ടി നടന്ന ചില സമരങ്ങളെ അവർ പിന്തുണച്ചു. എന്നാൽ, കർഷക തൊഴിലാളി യൂനിയൻ ഉണ്ടാക്കിയില്ല. നക്സലൈറ്റ് പ്രസ്ഥാനത്തിനുള്ളിൽ 1979ലെ ഒക്ടോബർ പ്രമേയം വന്നതോടെയാണ് സാംസ്കാരിക വേദിയും മറ്റും രൂപംകൊള്ളുന്നത്. അതിന്‍റെ പ്രവർത്തനവും കല്ലറ പ്രദേശങ്ങളിൽ സജീവമായി.

1987ൽ കെ. വേണുവും കെ.എൻ. രാമചന്ദ്രനും രണ്ട് സംഘടനയായി പിരിഞ്ഞപ്പോൾ കല്ലറ ബാബു കെ. വേണു ഗ്രൂപ്പിന്‍റെ കോട്ടയം ജില്ലാ സെക്രട്ടറിയായി. ഇക്കാലത്ത് ജാതി പ്രശ്നം സജീവമായി ചർച്ച ചെയ്തു. അതിന്‍റെ ഭാഗമായിട്ടാണ് അധസ്ഥിത നവോഥാന മുന്നണിക്ക് രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. കെ.എം. സലിംകുമാർ ആയിരുന്നു മുന്നണിയുടെ സംസ്ഥാന കൺവീനർ. മുന്നണിയുടെ നേതൃത്വത്തിൽ അധസ്ഥിത -ആദിവാസി സാംസ്കാരികോത്സവം സംഘടിപ്പിച്ചു. വൈക്കത്ത് വെച്ച് മനുസ്മൃതി കത്തിച്ചു. ഇക്കാലത്താണ് മുരളി കണ്ണമ്പള്ളി കേരളത്തിൽ ഒരു പടയുണ്ടാക്കണം എന്ന ആശയം മുന്നോട്ടു വച്ചത്. കല്ലറ ബാബു ആ പേര് തിരുത്തി അതിന് അയ്യങ്കാളിപ്പട എന്ന പേര് നൽകാം എന്ന് നിർദേശിച്ചു. എന്നാൽ അതൊരു ആശയം മാത്രമായി ഒതുങ്ങി.

പിന്നീട് കെ. വേണു പാർട്ടി പിരിച്ചുവിട്ടു. മുരളി കണ്ണമ്പള്ളിയും എം. ഗീതാനന്ദനും മറ്റും ചേർന്ന് പുതിയ സംഘടനക്ക് ശ്രമം തുടങ്ങി. ഏറെ താമസിയാതെ ഗീതാനന്ദൻ വിട്ടുപോയി. കണ്ണമ്പള്ളി മുരളി അടക്കമുള്ള അവശേഷിച്ചവർ പുതിയ അന്വേഷണങ്ങൾ ആരംഭിച്ചു. 1996ൽ നിയമസഭയിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നിയമം അട്ടമറിക്കറിക്കാൻ പുതിയ നിയമം പാസാക്കിയത്. അതിനെതിരെ നിയമസഭയിലും പുറത്തും പ്രതിഷേധിക്കാൻ ആരുമുണ്ടായില്ല. കെ.ആർ. ഗൗരിയമ്മ ഒഴികെയുള്ള എം.എൽ.എമാരെല്ലാം ഒറ്റക്കെട്ടായി പിന്തുണച്ചു. ആദിവാസികൾ ഏറെയുള്ള വയനാട്ടിലോ പാലക്കാട്ടോ കലക്ടറെ ബന്ധിയാക്കാനാണ് ആലോചിച്ചത്. പല പ്രത്യേകതകളും പരിഗണിച്ചാണ് പലക്കാട് കലക്ടറേറ്റ് തെരഞ്ഞെടുത്തത്. ആദ്യ ദിവസം പരിസ്ഥിതി പ്രവർത്തകർ എന്ന നിലയിൽ കലക്ടർക്ക് നിവേദനം നൽകാൻ അനുമതി ചോദിച്ചു. അന്ന് കലക്ടറെ കാണാൻ കഴിഞ്ഞില്ല. രണ്ടാമത്തെ ദിവസം വീണ്ടുമെത്തിയപ്പോൾ കലക്ടർ കാണാൻ അനുമതി കിട്ടി. കലക്ടറുടെ ചേംബറിനുള്ളിലേക്ക് കയറി വാതിൽ അടച്ചു.

പുറത്ത് നിൽക്കുന്നവർക്ക് ജനലിന്‍റെ ഗ്ലാസിലൂടെ അകം കാണാൻ കഴിയുമായിരുന്നു. അതിനാൽ പേപ്പർ കൊണ്ട് അതുമുഴുവൻ അടച്ചു. അതോടെ പുറത്ത് നിൽക്കുന്ന ഒരാൾക്കും അകത്ത് നടക്കുന്നത് എന്തെന്ന് അറിയാനാവില്ല. പുറത്തുനിന്ന് പൊലീസ് തള്ളിക്കയറുമെന്ന് തോന്നിയപ്പോൾ ചെറിയൊരു പടക്കം പൊട്ടിച്ചു. അടച്ചിട്ട മുറിയിൽ പൊട്ടിയത് ബോംബ് ആണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് നീക്കം നിർത്തി. കലക്ടർ പറഞ്ഞതു പ്രകാരം ചീഫ് സെക്രട്ടറിയെയാണ് ആദ്യം വിളിച്ചത്. സമരത്തിന്‍റെ അഞ്ച് ആവശ്യങ്ങളും ചീഫ് സെക്രട്ടറിയോട് പറഞ്ഞു. ഫോൺകട്ട് ചെയ്തു. തുടർന്ന് ദൂരദർശൻ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളെയെല്ലാം അറിയിച്ചു. കലക്ടറുടെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞു. ഉച്ചക്ക് 12 മണിയായപ്പോൾ മാധ്യമ ഓഫീസുകളിലെല്ലാം ഫോൺ ചെയ്തു. ഉച്ചക്ക് രണ്ടിന് വാർത്താസമ്മേളനം നടത്തുമെന്നാണ് മാധ്യമ ഓഫീസുകളിൽ അറിയിച്ചു. പത്രപ്രവർത്തകരിൽ എത്തിയപ്പോൾ രണ്ടുമണിക്ക് പൊലീസ് നിൽക്കുന്നതിനാൽ വാർത്താസമ്മേളനം ക്യാൻസൽ ചെയ്തതായി അറിയിച്ചു. സർക്കാരുമായി ചർച്ചക്ക് തയാറാണെന്നും രാഷ്ട്രീയ നേതാക്കളെ മധ്യസ്ഥന്മാരാക്കാൻ താൽപര്യമില്ലെന്നും സർക്കാറിനെ അറിയിച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, മുകുന്ദൻ സി. മേനോൻ, അഡ്വ. വീരചന്ദ്രമേനോൻ, ജില്ലാ ജഡ്ജി വി. രാജപ്പൻ ആചാരി എന്നിവരെ മധ്യസ്ഥരാക്കി ചർച്ചയാകാമെന്ന് നിർദേശം നൽകി.

അന്ന് കൃഷ്ണയ്യർ കേരളത്തിൽ ഉണ്ടായിരുന്നില്ല. മുകുന്ദൻ സി. മേനോൻ തിരുവനന്തപുരത്തായിരുന്നു. അദ്ദേഹത്തെ വിളിച്ചപ്പോൾ തിരുവനന്തപുരത്തു നിന്ന് പാലക്കാട് എത്താൻ 10 മണിക്കൂറെങ്കിലും സമയമെടുക്കുമെന്ന് അറിയിച്ചു. സർക്കാറിനോട് ഹെലികോപ്റ്റർ ആവശ്യപ്പെടാൻ മേനോനോട് പറഞ്ഞു. ഒടുവിൽ ജില്ലാ ജഡ്ജിയും വീരചന്ദ്രമേനോനും മധ്യസ്ഥൻമായി എത്തി. ജില്ലാ ജഡ്ജിയാണ് ചർച്ചയിൽ നാലുപേരെയും നിരുപാധികം വിട്ടയക്കാമെന്ന് ഉറപ്പു നൽകിയത്. രാവിലെ 10.30ന് തുടങ്ങിയ സമരം അവസാനിപ്പിച്ചത് രാത്രി 7.30ന് ആണ്. മധ്യസ്ഥ ചർച്ചക്ക് ശേഷം സമരത്തിലുന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് ജില്ലാ ജഡ് ജിയും കലക്ടറും സമ്മതിച്ചു. അത് അവരിൽനിന്ന് ഒപ്പിട്ടു വാങ്ങി. അയ്യങ്കാളിപ്പടയുടെ നാല് പ്രവർത്തകരെയും ജില്ലാ ജഡ്ജിയുടെ കാറിൽ പുറത്തേക്ക് പോകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അഡ്വ. വീരചന്ദ്രമേനോൻ അദ്ദേഹത്തിന്‍റെ കാറിൽ കൊണ്ടു പോകാമെന്ന് നിർദേശിച്ചു.

സമരത്തിന് പോയതിനാൽ വണ്ടിക്കൂലിക്കുള്ള കാശ് പോലും ആരുടെയും പോക്കറ്റിൽ ഉണ്ടായിരുന്നില്ല. വീരചന്ദ്രമേനോൻ ആണ് അതിനുള്ള പൈസ തന്നത്. വടക്കാഞ്ചേരി റൂട്ടിലാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. പിറ്റേ ദിവസമാണ് സർക്കാർ സംഭവത്തിന്‍റെ പേരിൽ കേസെടുത്തത്. അതോടെ നാലുപേരും ഒളിവിൽ പോയി. 14 വർഷം ഒളിവിൽ കഴിഞ്ഞ ബാബു കോടതിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ജില്ലാ കോടതി മൂന്ന് വർഷവും അപ്പീൽകോടതി ഒരു വർഷവും ശിക്ഷിച്ചു. മുഴുവൻ സംവിധായകനായി കമലിനോട് പറഞ്ഞിട്ടുണ്ടെന്നും കല്ലറ ബാബു പറഞ്ഞു.

Tags:    
News Summary - Kallara Babu who took the Palakkad Collector hostage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.