ഭരണകൂട അന്യായത്തിന്റെ പരകോടിയെയാണ് ഗ്രോ വാസു ചോദ്യം ചെയ്തതെന്ന് കൽപറ്റ നാരായണൻ

കോഴിക്കോട് :ഭരണകൂട അന്യായത്തിന്റെ പരകോടിയെയാണ് ഗ്രോ വാസു ചോദ്യം ചെയ്തതെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ. ഗ്രോ വാസുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കോഴിക്കോട് പൊറ്റമ്മലിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടുപോലെ മനസുള്ള ധീരനായ മനുഷ്യനാണ് ഗ്രോ വാസു. എട്ടുപേരെ പച്ചക്ക് വെടിവെച്ചു കൊന്നത് കേരളത്തിലെ ഭരണകൂടമാണ്. അങ്ങനെ ചെയ്തിട്ടും ഭരണകൂടം മാവോവാദികളുടെ മൃതദേഹം ബന്ധുക്കൾക്ക് കാണാൻ അവസരം നൽകാത്തതിനെയാണ് ഗ്രോവാസു ചോദ്യം ചെയ്തത്.

അതിനാണ് ഇന്ന് വാസു ജയിലിൽ കഴിയുന്നത്. നമ്മുടെ ഭരണകൂടം അധഃപതനത്തിന്റെ എത്ര താഴ്ന്ന പടിയിൽ എത്തിയെന്നതിന്റെ തെളിവാണ് ഈ സംഭവം. എട്ടര പതിറ്റാണ്ടായി കേരളത്തിന്റെ സമര മനസിന്റെ പ്രതീകമാണ് വാസു. കേരളത്തിലെ ഭരണകൂടം കേന്ദ്രത്തിന്റെ ഫാഷിസത്തിനെതിരെ പല്ലും നഖവും കാട്ടി പ്രതിഷേധിക്കുന്നനവരാണ്.

പി. കൃഷ്ണപിള്ള അവസാനം പറഞ്ഞത്, വിമർശനമുണ്ടെങ്കിലും ആത്മ വിമർശനമില്ലെന്നാണ്. ആത്മവിമർശനത്തിന്റെ അഭാവമാണ് ഫാഷിസത്തിന്റെ ലക്ഷണം. ഫാഷിസത്തിന്റെ ചിഹ്നം ഒരു കെട്ട് വിറകിൽ തിരുകിവെച്ചിരിക്കുന്ന ഒരു മഴുത്തലയാണ്. മുസോളിനി ഇത് സ്വീകരിച്ചത് പ്രാചീന റോമിന്റെ ജുഡീഷ്യറിയുടെ പ്രതീകം എന്ന നിലയിലാണ്. സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന സമയത്ത് അതിനെ ശക്തിപ്പെടുത്താൻ കടുത്ത അച്ചടക്കം ആവശ്യമാണെന്ന് കണ്ട് സ്വീകരിച്ചതാണ് ഈ ചിഹ്നം.

ആ ഫാഷിസത്തിന്റെ കെട്ടിനുള്ളിലെ ഓരോ വിറക് കൊള്ളിക്കും സ്വതന്ത്രമായ അഭിപ്രായമില്ല. ആ കെട്ടിന്റെ അകത്ത് നിശബ്ദരായി കഴിഞ്ഞുകൊള്ളണം. ഇത്തരം എല്ലാം ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾക്കും പിന്തുണ നൽകുന്ന അണികളുടെ വിധി. ചെറുക്കാൻ ശ്രമിച്ചാൽ അവരെ ഭീഷണിപ്പെടുത്തുന്നതാണ് ഈ മഴുത്തല. അവർ വിറക് കൊള്ളിപോലെ കിടിക്കുകയേയുള്ളൂ.

അങ്ങനെ കിടക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്ഥാനത്തിന്റെ പേരാണ് ഫാഷിസം. അതിനെതിരെ ജനങ്ങൾ ഉണർന്ന് വരാൻ കൂടിയാണ് ജാമ്യം നിഷേധിച്ച് ഗ്രോ വാസു ജയിലിൽ കിടക്കുന്നത്. മരിക്കുന്നത് വരെ നീതി ബോധത്തിന്റെ ശക്തിയാണ് ഗ്രോവാസു. തീരാത്ത അപമാനത്തിൽ നിന്നും കേരളീയരെ മോചിപ്പിക്കണം. എത്രയും പെട്ടെന്ന് വാസുവിനെ മോചിപ്പിക്കണമെന്നും കൽപറ്റ നാരായണൻ ആവശ്യപ്പെട്ടു. കെ.എസ് ഹരിഹരൻ, അംബിക തുടങ്ങിയവർ സംസാരിച്ചു.   

Tags:    
News Summary - Kalpatta Narayanan said that Gro Vasu questioned the pinnacle of government injustice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.