െകാച്ചി: ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ ഫീസ് നിർണയത്തിനെതിരെ കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ഹൈകോടതിയിൽ. 2017 -18ൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഫീസ് നിശ്ചയിച്ച് 2017 നവംബർ 23ന് കമ്മിറ്റി പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് കരുണ മെഡി. കോളജ് മാനേജർ ബി. റഹീം, പാലക്കാട് സേഫ് ഡെവലപ്മെൻറ് എ.എൽ.എം.എസ് ട്രസ്റ്റ് തുടങ്ങി 20ഒാളം മാനേജ്മെൻറുകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. എൻ.ആർ.െഎ വിദ്യാർഥികളല്ലാത്തവരിൽനിന്ന് ഫീസിനത്തിൽ അഞ്ച് ലക്ഷം രൂപയാണ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇത് 11 ലക്ഷമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജി തീർപ്പാകും വരെ കമ്മിറ്റി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.
സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകൾ പ്രകാരമുള്ള തത്ത്വങ്ങളും കമ്മിറ്റിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടുണ്ടാക്കിയ ആക്ടിലെ ഉള്ളടക്കവും അനുസരിച്ച് ഫീസ് നിർണയിക്കാൻ മാനേജ്മെൻറുകൾക്കുള്ള അധികാരം കവർന്നെടുക്കുന്നതാണ് കമ്മിറ്റിയുടെ നടപടിയെന്ന് ഹരജിയിൽ പറയുന്നു.
സ്ഥാപനങ്ങൾ നിർണയിച്ച ഫീസിൽ അപാകതയോ ചൂഷണ സ്വഭാവമോ ഉണ്ടെങ്കിൽ അത് നിയന്ത്രിക്കലാണ് കമ്മിറ്റിയുടെ ചുമതല. ഇതിന് പകരം സ്വന്തമായി ഫീസ് നിരക്ക് നിശ്ചയിക്കുകയും സൂപ്പർ ഒാഡിറ്ററായും പ്രവർത്തിക്കുകയാണ് കമ്മിറ്റി. ഇത് നിയമത്തെ പാടെ തള്ളുന്ന നടപടിയാണ്. ഗാലറിയിലുള്ളവരുടെ കൈയടി വാങ്ങാൻ സ്വന്തം ചുമതല മറന്നുള്ള തീരുമാനമാണ് കമ്മിറ്റി സ്വീകരിച്ചത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകാനുള്ള ചെലവും മറ്റ് കാര്യങ്ങളും പരിഗണിക്കാതെയാണ് തീരുമാനം. ഇൗ സാഹചര്യത്തിൽ കുറഞ്ഞ ഫീസ് നിർണയിക്കാനിടയാക്കിയ രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ പറയുന്നു. ഹരജി തിങ്കളാഴ്ച കോടതിയുടെ പരിഗണനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.