തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റവന്യൂ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥതലത്തില്‍ തുടര്‍നടപടി തല്‍ക്കാലമില്ല. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിൽ അകപ്പെട്ട കണ്ണൂർ ജില്ല കലക്ടറുടെ സ്ഥലംമാറ്റം ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷം ഉണ്ടാകും. പൊതുസ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്തിയാകും മാറ്റം.
ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥതല വീഴ്ചകളും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് പരിശോധിച്ച് നല്കിയ ശിപാര്‍ശകളിലും ഉദ്യോഗസ്ഥതല നടപടി നിര്‍ദേശിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. റവന്യൂ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണം കൂടി നടക്കുന്ന സാഹചര്യത്തില്‍ അതുകൂടി പൂര്‍ത്തിയായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനാല്‍ ഇവിടങ്ങളിലെ കലക്ടര്‍മാരെ മാറ്റാനാകില്ല. തെരഞ്ഞെടുപ്പിനിടെ കലക്ടറെ മാറ്റുന്നത് വിമര്‍ശനത്തിനും ഇടയാക്കിയേക്കാം.
റവന്യൂ മന്ത്രി കെ. രാജന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റവന്യൂ റിപ്പോര്‍ട്ട് പൊലീസ് അന്വേഷണം സംഘം ആവശ്യപ്പെട്ടാല്‍ നല്കാൻ ധാരണയായിരുന്നു. ക്രിമിനല്‍ നടപടിപ്രകാരം പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വകുപ്പ് തലത്തില്‍ നവീന്‍ ബാബു ഫയലുകളില്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കാന്‍ റവന്യൂ അന്വേഷണ റിപ്പോര്‍ട്ട് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.