ശ്രീകണ്ഠപുരം: ലക്ഷങ്ങൾ ചെലവിട്ട് സ്റ്റാൻഡുകൾ നിർമിച്ചിട്ടും ഒരു ബസ് പോലും കയറാത്ത നിരവധി സ്റ്റാൻഡുകളുണ്ട് മലയോരത്ത്. ബസുകൾ പ്രവേശിക്കാത്തതിനാൽ മറ്റു വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായിരിക്കുകയാണ് ഇവയിലധികവും. ഒപ്പം തെരുവുനായ്ക്കളുടെ കേന്ദ്രവുമാണിതിൽ മിക്കതും. ഉദ്ദേശിച്ച ലക്ഷ്യം നേടാനാകാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രതീക്ഷിച്ച വരുമാനവും നഷ്ടമായി. കൃത്യമായ ആസൂത്രണമില്ലാതെ ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ സ്റ്റാൻഡുകൾ നിർമിച്ചതാണ് ആളും ബസുകളും ഇല്ലാത്ത ഇടമാക്കി ഇവയെ മാറ്റുന്നത്. പലതും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നേർക്കാഴ് ച്ചയായി ഇവിടങ്ങളിലുണ്ട്.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ആലക്കോട് ബസ് സ്റ്റാൻഡ് ടൗണിൽ നിന്ന് അകലെയാണ്. ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ടൗണിന്റെ പ്രധാന ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ കാൽനടയായി സഞ്ചരിക്കണം. അതിനാൽ ബസ് സ്റ്റാൻഡിൽ ആരും ഇറങ്ങാറില്ല. ബസ് കയറാനും ആളുകൾ ഇവിടെ എത്തുന്നില്ല. തുടർന്നാണ് ബസുകൾ സ്റ്റാൻഡിൽ കയറാത്തത്. ബസുകൾ സ്റ്റാൻഡിൽ കയറാനുള്ള ട്രാഫിക് പരിഷ്കാരങ്ങൾ പഞ്ചായത്ത് കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല.
ഏരുവേശ്ശി പഞ്ചായത്ത് മികച്ചരീതിയിൽ നിർമിച്ച് നാടിന് സമർപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ബസ് പോലും കയറാത്ത ബസ് സ്റ്റാൻഡായി തുടരുകയാണ് ചെമ്പേരിയിലേത്. ചെമ്പേരി ടൗണിൽനിന്ന് 500 മീറ്റർ മാത്രം മാറിയുള്ള ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങളുടെയും ചരക്കു ലോറികളുടെയും പാർക്കിങ് കേന്ദ്രമായ സ്ഥിതിയാണ്. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറാതെ ചെമ്പേരി ടൗണിൽവന്ന് തിരിച്ചുപോകുകയാണ് ചെയ്യുന്നത്. 11 വർഷം മുമ്പ് അലക്സാണ്ടർ കടൂക്കുന്നേൽ എന്ന കുടിയേറ്റ കർഷകൻ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ബസ് സ്റ്റാൻഡ് നിർമിച്ചിരുന്നത്.
നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തെത്തുടർന്ന് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ചപ്പാരപ്പടവ് ടൗണിലെ മിനി ബസ്സ്റ്റാൻഡും ശുചിമുറിയും വർഷങ്ങളായിട്ടും പ്രവർത്തിച്ചു തുടങ്ങിയില്ല. നിർമാണം പൂർത്തിയാവുന്നതിന്റെ മുമ്പുതന്നെ ഉദ്ഘാടനം നടന്നതല്ലാതെ സ്റ്റാൻഡ് നാട്ടുകാർക്ക് തുറന്നുകൊടുത്തിട്ടില്ല. ആകെയുള്ള പ്രയോജനം ടൂറിസ്റ്റ് ബസുകൾക്കും ടാക്സി വാഹനങ്ങൾക്കും പാർക്ക് ചെയ്യാമെന്നതാണ്. ചപ്പാരപ്പടവ് പാലത്തിനു സമീപം സ്വകാര്യ വ്യക്തികളിൽനിന്നു ലഭിച്ച 22 സെന്റ് സ്ഥലത്താണ് മിനി ബസ് സ്റ്റാൻഡും ശുചിമുറിയും നിർമിച്ചത്. അനുമതി ലഭിക്കാൻ ബസ് സ്റ്റാൻഡിനു ചുരുങ്ങിയത് 40 സെന്റ് സ്ഥലം വേണമെന്നുള്ളതുകൊണ്ടാണ് പ്രവർത്തനം തുടങ്ങാൻ കഴിയാത്തത്.
മൂന്നര പതിറ്റാണ്ടു മുമ്പ് നിർമിച്ച കരുവഞ്ചാൽ ബസ് സ്റ്റാൻഡും അനാഥാവസ്ഥയിലാണ്. കരുവഞ്ചാലിൽ ഇത്തരത്തിലൊരു ബസ് സ്റ്റാൻഡുണ്ടെന്നുപോലും പ്രദേശത്തെ പലർക്കും അറിവില്ല. നിലവിൽ ചരക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമായി ഇവിടം മാറി. സ്ഥല പരിമിതിമൂലമാണ് ഇവിടെ ബസുകൾ കയറാത്തത്. ഇനി ബസുകൾ കയറണമെങ്കിൽ സമീപത്തെ കെട്ടിടങ്ങൾ പൊളിച്ചുകളയേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.
മലയോരത്ത് ബസുകൾ കയറാത്ത ആളൊഴിഞ്ഞ ബസ് സ്റ്റാൻഡുകൾ വേറെയുമുണ്ട്. മികച്ച നിലവാരത്തിലൊരുക്കിയതാണ് പെരുമ്പടവ് ബസ് സ്റ്റാൻഡ്. ഇവിടെയും ബസുകൾ കയറുന്നില്ല. ചെറുപുഴ ഭാഗത്തുനിന്ന് പെരുമ്പടവ് വഴി തളിപ്പറമ്പിലേക്ക് സർവിസ് നടത്തുന്ന ബസുകൾ വണ്ടി തിരിക്കാൻ വേണ്ടി മാത്രമാണ് സ്റ്റാൻഡിൽ പ്രവേശിക്കുന്നത്. ഇവിടെ ബസ് ഇറങ്ങുന്നവർക്ക് ടൗണിലേക്കെത്താൻ ഒരുപാട് ദൂരം നടക്കണമെന്നതും ആളില്ലാ സ്റ്റാൻഡാക്കുന്നു. ഓട്ടോറിക്ഷ ട്രിപ് വിളിക്കേണ്ടുന്ന ഗതികേടാണ് യാത്രക്കാർക്ക്. 25 വർഷം മുൻപ് നിർമിച്ച തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാൻഡ് ഇപ്പോഴും ബസ് സ്റ്റാൻഡായി ഉപയോഗിക്കുന്നില്ല. സ്റ്റാൻഡ് അടുത്ത കാലത്ത് ഇന്റർലോക്ക് പതിപ്പിച്ച് ഉപയോഗപ്രദമാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ പേ പാർക്കിങ് സംവിധാനമായാണ് ഉപയോഗിക്കുന്നത്. പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂരിൽ വർഷങ്ങൾക്ക് മുന്നേ മികച്ച ബസ് സ്റ്റാൻഡ് ഒരുക്കിയിട്ടും ഇന്നും നോക്കുകുത്തിയാണ്. ഒരു ബസുപോലും ഇവിടെ കയറിയിട്ടില്ല.
ബസ് സ്റ്റാൻഡുകൾ നിർമിച്ച് ലക്ഷങ്ങൾ പാഴാക്കിയതിനു പുറമെ വീണ്ടും അറ്റകുറ്റപ്പണിയുടെ പേരിൽ പണം മുടക്കി അഴിമതിക്ക് വഴിയൊരുക്കുന്ന അവസ്ഥയാണ് പലയിടത്തും നടക്കുന്നത്. ബസുകൾ കയറ്റുന്നതിന് അവശ്യമായ നടപടിമാത്രം സ്വീകരിക്കുന്നില്ലെന്നതാണ് സ്ഥിതി. ഇതിനെതിരെ വ്യാപക ജനകീയ പ്രതിഷേധങ്ങളുയരുമ്പോഴും ബന്ധപ്പെട്ടവർ മൗനം നടിക്കുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.