കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ കത്തിച്ച കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ 24 സൗത്ത് പാർഗാനസ് സ്വദേശി പ്രസൂൺ ജിത്ത് സിഗ്ദർ മൂന്ന് ദിവസം മുമ്പാണ് കണ്ണൂരിലെത്തിയതെന്ന് ഐ.ജി നീരജ് കുമാർ ഗുപ്ത. ‘അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് പ്രതി. കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ വെയ്റ്ററായി ജോലി ചെയ്തിരുന്നു. മാനസിക പ്രശ്നമുള്ള ഇയാൾ മൂന്ന് ദിവസം മുമ്പാണ് കേരളത്തിൽ എത്തിയത്. രണ്ട് വർഷത്തോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ജോലി ചെയ്ത ഇയാൾ പിന്നീട് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. ഒരു ജോലിയുമില്ലാതെ നടന്നതിനാൽ പ്രതിക്ക് മാനസിക സമ്മർദമുണ്ടായി. ട്രെയിന് തീവെച്ചതിന് വേറെ കാരണമില്ല’ -ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.
എലത്തൂർ ട്രെയിൻ തീവെപ്പുമായി പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും ഐ.ജി പറഞ്ഞു. ആദ്യം ഇലക്ട്രീഷ്യനായിരുന്നു. വിവിധ സ്ഥലങ്ങളിൽ പാചക തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീയിടാൻ കാരണം സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിൽ സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വിരോധമെന്നാണ് പ്രതി മൊഴി നൽകിയിട്ടുള്ളത്. ഇയാൾ തീവെപ്പിന് തൊട്ട് മുമ്പ് ട്രാക്ക് പരിസരത്ത് ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ബി.പി.സി.എല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും പ്രതിയിലേക്ക് എത്തിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷൻ എട്ടാം യാർഡിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിക്ക് തീയിട്ടത്. ബുധനാഴ്ച രാത്രി 11ഓടെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ട്രെയിനിന്റെ പിന്നിൽനിന്ന് മൂന്നാമത്തെ ജനറൽ കോച്ചിനാണ് തീയിട്ടത്. മറ്റു കോച്ചുകൾ പെട്ടെന്ന് വേർപെടുത്തിയതിനാൽ തീപടരുന്നത് തടയാനായി. പുലർച്ചെ രണ്ടരയോടെ തീയണച്ചു. ട്രെയിനിന്റെ ശുചിമുറിയുടെ ചില്ലുകൾ തകർത്ത നിലയിലാണ്. ക്ലോസറ്റിൽ നിന്ന് വലിയ കല്ല് കണ്ടെത്തിയിരുന്നു.
അതേസമയം ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നത് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകീട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം കൂടി ലഭിച്ചാലേ കൂടുതൽ നടപടി ഉണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.