കുന്ദമംഗലം: സുന്നികൾക്കിടയിൽ ഐക്യത്തിനും അവരുടെ അഭിമാനം ഉയർത്തുന്ന പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ. മര്‍കസ് 40ാം ജൂബിലി സമ്മേളനത്തിൽ നയപ്രഖ്യാപന-, സനദ്ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റൂബി ജൂബിലിയോടനുബന്ധിച്ചു തുടക്കംകുറിച്ച ക്വീൻസ് ലാൻറിനെ അടുത്ത പത്തുവർഷം കൊണ്ട് ലോകത്തെ ആദ്യത്തെ സമ്പൂർണ വനിത ഇസ്ലാമിക് സർവകലാശാലയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ഐക്യത്തെക്കുറിച്ചുള്ള ബാലിശമായ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവിടെ പലർക്കുമുള്ളത്. രാഷ്ട്രീയ പ്രതിസന്ധികളെയും തിരിച്ചടികളെയും മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് മുസ്ലിം ഐക്യത്തെക്കുറിച്ചുള്ള ആലോചനങ്ങൾ തുടങ്ങുന്നതു തന്നെ. വിശ്വാസിസമൂഹം എന്ന മുൻഗണന ഇല്ലാത്ത ഒരൈക്യവും നിലനിൽക്കില്ല. രാഷ്ട്രീയപ്രശ്നങ്ങൾ സാമുദായികവത്കരിച്ച് രക്ഷപ്പെടാമെന്നാരും കരുതേണ്ട.
അനൈക്യത്തിന് മതപണ്ഡിതന്മാരെ കുറ്റപ്പെടുത്തുന്നവർ എന്തുകൊണ്ടാണ് മുസ്ലിം രാഷ്ട്രീയ സംഘടനകളുടെ ഐക്യത്തിന് മുതിരാത്തതെന്ന് വ്യക്തമാക്കണം. മുസ്ലിംകളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് മുത്തലാക്കുമായി ബന്ധപ്പെട്ട് ഇേപ്പാൾ നടക്കുന്നത്. മറ്റു മതങ്ങളുടെ കാര്യത്തിൽ സിവിൽ നിയമ പരിധിയിലുള്ള വിവാഹനിയമങ്ങൾ മുസ്ലിംകൾക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനൽ നിയമ ഭാഗമാകുന്നതെന്ന് വ്യക്തമാക്കണം.
മുസ്ലിംകളെ അവരുടെ ശത്രുക്കളുടെ ൈകയിലെ കളിപ്പാവകളായി എറിഞ്ഞുകൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നത് മതപരിഷ്കരണ വാദികളെന്ന് സ്വയം അവകാശപ്പെടുന്നവരാണ്. അതത് കാലത്തെ ഭരണകൂടങ്ങളുടെ ഉപകരണങ്ങളാണ് പരിഷ്കരണ വാദികൾ. വിശ്വാസികളിൽനിന്നാണ് ശരീഅത്ത് വലിയ ഭീഷണി നേരിടുന്നത്-കാന്തപുരം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.